കോട്ടയം: സർക്കാർ അനുവാദം നൽകിയെങ്കിലും ജില്ലയിൽ തത്കാലം സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കാനുള്ള നിർദേശം വന്നിട്ടുണ്ടെങ്കിലും അക്കാര്യത്തിലും വ്യക്തതയില്ല. ഇന്ന് രാവിലെ മാത്രമേ ഉത്തരവ് പുറത്തിറങ്ങൂ എന്നാണ് സൂചന. കെ.എസ്.ആർ.ടി.സി ജില്ലയ്ക്കുള്ളിൽ ഓർഡിനറി സർവീസ് നടത്താനാണ് നിർദേശം. ഗ്രാമീണ മേഖലകളിലേയ്ക്കും സ്വകാര്യ ബസ് ഒാടിയിരുന്ന മേഖലകളിലേയ്ക്കും കൂടുതൽ സർവീസുകളുണ്ടാകും.
അതേസമയം ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ജില്ലയിൽ ഓട്ടോറിക്ഷകൾ ഒാടാൻ തുടങ്ങി. ഗ്രാമീണ മേഖലകളിൽ പൂർണ്ണമായി തന്നെ സർവീസ് ആരംഭിച്ചു. നഗര,ഗ്രാമ വ്യത്യാസമില്ലാതെ സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. ഇന്നു മുതൽ ബാർബർ ഷോപ്പുകൾ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ ജോലികൾ ആരംഭിച്ചു.
നിയന്ത്രണങ്ങൾ പ്രായോഗികമല്ല
സർവീസിന്റെ സമയക്രമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ചു ബസ് ഉടമകൾ ഉന്നയിച്ച ആക്ഷേപങ്ങൾ നിലനിൽക്കുകയാണ്. രണ്ടു മാസത്തോളം ഓടാതെ കിടന്ന സ്വകാര്യ ബസുകളിൽ പലതിനും അറ്റകുറ്റപണികൾ വേണ്ടി വരും. ഇതു പൂർത്തിയാക്കാൻ രണ്ടു ദിവസം വേണം. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയാണ് സർവീസിനു സമയം നിർദേശിച്ചിരിക്കുന്നത്. എന്നാൽ, പല സ്വകാര്യ ബസുകളുടെയും ആദ്യ ട്രിപ്പ് പുലർച്ചെ ആറിന് ആരംഭിച്ച് രാവിലെ പത്തിനും പത്തരയ്‌ക്കുമാണ് അവസാനിക്കുന്നത്. ഈ ബസുകൾക്ക് ആദ്യത്തെയും അവസാനത്തെയും ട്രിപ്പുകൾ നഷ്‌ടമാകും. ഈ സാഹചര്യത്തിൽ സർവീസ് നഷ്‌ടമാകും. ബസുകളിൽ ഇരുപത് പേർക്കു മാത്രമാണ് കയറാൻ അനുവാദം. ഇതിൽ വിദ്യാർത്ഥി കൺസഷൻ കൂടി അനുവദിക്കണമെന്ന നിർദേശവും അംഗീകരിക്കാനാവില്ല.
ടി.എസ് സുരേഷ്, ജനറൽ സെക്രട്ടറി,
ബസ് ഓപ്പറേറ്റേഴ്‌സ് അസോ.