വൈക്കം : വൈക്കത്തും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്ന വീടുകളും കൃഷിയിടങ്ങളും വൈക്കം മഹാദേവക്ഷേത്രവും സി.കെ.ആശ എം.എൽ.എ, ജില്ലാ കളക്ടർ പി.കെ സുധീർബാബു, വി.എൻ വാസവൻ എക്‌സ് എം.എൽഎ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. വൈക്കം നഗരസഭയിലെയും ടി.വി.പുരം ഗ്രാമപഞ്ചായത്തിലെയും വൈദ്യുതി വിതരണ ശൃംഖല പൂർണമായും തകർന്ന നിലയിലാണ്. വൈദ്യുതി ബോർഡിന് മാത്രം 25 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. വീടുകൾക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് ശേഖരിച്ച് വരുന്നതേയുള്ളൂ. 16 വീടുകൾ പൂർണമായും 113 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാനായി. വൈദ്യുതി ലൈനുകളിലേക്ക് മറിഞ്ഞുവീണ വലിയ മരങ്ങൾ വെട്ടിമാറ്റാൻ താമസം നേരിടുന്നതാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള തടസ്സം. ഈ വിഷയം അടിയന്തിരമായി പരിഹരിച്ച് എത്രയും വേഗത്തിൽ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നടപ്പന്തലിനും ഊട്ടുപുരയ്ക്കും വലിയ അടുക്കളയ്ക്കും സംഭവിച്ച കേടുപാടുകൾ ഉടൻ പരിഹരിക്കാൻ വേണ്ട നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. വീട് തകർന്നവർക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും അടിയന്തിരസഹായം എത്തിക്കണമെന്ന് മുഖ്യമന്ത്രിയോടും റവന്യു മന്ത്രിയോടും ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു.