കോട്ടയം : കേരളത്തിലെ സാധാരണ കർഷകർക്ക് കൈത്താങ്ങായിരുന്ന നാലു ശതമാനം പലിശയിലുള്ള സ്വർണപ്പണയ വായ്പാ പദ്ധതി തുടരാൻ നടപടിയുണ്ടാവണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പൊതുമേഖല വാണിജ്യബാങ്കുകളിൽ 2019 സെപ്തംബർ മാസത്തെ കണക്കനുസരിച്ച് 3215603 സ്വർണപ്പണയ വായ്പകളിലായി 33193.03 കോടി രൂപ നൽകിയിട്ടുണ്ട്. ഇതിൽ 3093201 വായ്പകളും 31916.69 കോടി രൂപയും 4 ശതമാനം കാർഷിക സ്വർണ വായ്പകളാണ്. കേരളത്തിലെ സ്വകാര്യവാണിജ്യ ബാങ്കുകളിൽ 8757.52 കോടി രൂപയുടെ 964743 സ്വർണപ്പണയ വായ്പകളിൽ 7110.77 കോടി രൂപയുടെ 762952 സ്വർണപ്പണയവായ്പകളും 4 ശതമാനം കാർഷിക സ്വർണപ്പണയ വായ്പകളാണ്. ചുരുക്കത്തിൽ കേരളത്തിലെ 7482 വാണിജ്യബാങ്കുകളിലുള്ള 52207.01 കോടി രൂപയുടെ 5670190 സ്വർണവായ്പകളിൽ 49197.59 കോടി രൂപയുടെ 5326750 സ്വർണപ്പണയവായ്പകളും 4 ശതമാനം കാർഷിക സ്വർണപ്പണയ വായ്പകളാണ്.
ആകെ കാർഷിക വായ്പ അക്കൗണ്ടുകളുടെ 71 ശതമാനവും വായ്പ തുകയുടെ 59 ശതമാനവും 4 ശതമാനം ഇതാണ്.
ഈ സാഹചര്യത്തിൽ വിവിധ കാർഷിക ആവശ്യങ്ങൾക്കായി നിയമ കുരുക്കുകളില്ലാതെ അതിവേഗം ലഭ്യമാകുന്ന സ്വർണപ്പണയ വായ്പ സബ്സിഡി തുടരാൻ റിസർവ് ബാങ്കിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
ആകെ കാർഷിക സ്വർണപണയ വായ്പ
49197.59 കോടി രൂപ
എടുത്തത് 5326750 പേർ
നഷ്ടമായത് കൃഷി മന്ത്രിയുടെ പരാതിയിൽ
കൃഷിക്കാരുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയോ, കൃഷിയുടെ ലാഭനഷ്ടങ്ങളെപ്പറ്റിയോ യാതൊരു പഠനവും നടത്താതെ സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയിൽ സംസ്ഥാന കൃഷി മന്ത്രി സുനിൽകുമാർ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് 2019 ഡിസംബറിൽ നാല് ശതമാനം സ്വർണപണയ കാർഷിക വായ്പ നിർത്തലാക്കിയത്. കൃഷി മന്ത്രി റിസർവ് ബാങ്ക് ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ആഗസ്റ്റ് മാസം കേന്ദ്രത്തിന്റെ അഞ്ച് അംഗസംഘം കേരളത്തിലെത്തുകയും സംസ്ഥാനത്ത് ആകെയുള്ള 7482 വാണിജ്യബാങ്ക് ശാഖകളിൽ ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 30 ൽതാഴെ ശാഖകളിൽ മാത്രം പരിശോധന നടത്തിയിട്ടാണ് 4 ശതമാനം കാർഷിക സ്വർണവായ്പ നിർത്തലാക്കാൻ തീരുമാനിച്ചത്.
തിരിച്ചെടുക്കാനുള്ള ദീർഘിപ്പിച്ച കാലാവധി മേയ് 30 ന് അവസാനിക്കും
കൊവിഡ് കാലമായതിനാൽ മൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കുക പ്രയാസം
കൂടിയ പലിശയ്ക്ക് പുതുക്കണമെങ്കിൽ മുഴുവൻ തുക അടയ്ക്കണമെന്ന് ബാങ്കുകൾ
നിത്യവൃത്തിയ്ക്ക് ബുദ്ധിമുട്ടുന്ന കർഷകർ ഉൾപ്പെടെയുള്ളവരോടുള്ള കൊടും ചതി
സബ്സിഡിയോടെയുള്ള കാർഷിക സ്വർണപണയ വായ്പയുടെ കാര്യത്തിൽ സ്വീകരിച്ച അപ്രായോഗികവും കർഷക വിരുദ്ധവുമായ നിലപാട് കൃഷി മന്ത്രി തിരത്തണം.
ജോസ് കെ.മാണി എം.പി.