കട്ടപ്പന: നിർദ്ദിഷ്ട അടിമാലികുമളി ദേശീയപാതയിൽ ഇടുക്കി എട്ടാംമൈലിനു സമീപം ലോറികൾ കൂട്ടിയിടിച്ചു. ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. ചെറുതോണി ഭാഗത്തുനിന്ന് ലോഡുമായി കട്ടപ്പനയിലേക്കു വരികയായിരുന്ന ടോറസ് ലോറി, ചെറുതോണിയിലേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറി റോഡിൽ നിന്നു തെന്നിമാറി സമീപത്തെ കൃഷിയിടത്തിലേക്ക് ചരിഞ്ഞു. രണ്ടു വാഹനങ്ങളുടെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപെട്ടു. തങ്കമണി പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം എത്തിച്ച് ലോറികൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.