കോട്ടയം: മഴക്കാലമെത്തുംമുമ്പേ ഡെങ്കിപ്പനിയും എലിപ്പനിയും ജില്ലയിൽ പടരുന്നു. ഒരു മാസം മുമ്പ് ഉഴവൂരിൽ പ്രത്യക്ഷപ്പെട്ട ഡെങ്കിപ്പനി ഇപ്പോൾ ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് പടരുകയാണ്. കങ്ങഴ, നെടുങ്കുന്നം, വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിൽ ഡെങ്കിപ്പനി പടർന്നിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ് വ്യക്തമാക്കി. ഇതോടൊപ്പം എലിപ്പനിയും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചിറക്കടവിലും വാഴൂരും ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും പടരുന്നത് ജനങ്ങളിൽ ഭീതി ഉളവാക്കിയിട്ടുണ്ട്. മഴക്കാലമെത്തിയാൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരാൻ സാധ്യതയേറെയെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.