murder-case-

കോട്ടയം: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കേസ് ഫയൽ മടക്കിയ പൊലീസ് 24 വർഷത്തിനുശേഷം കൊലക്കേസ് പ്രതിയെ പിടികൂടി. കാണക്കാരി അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നിയെ (22) വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി കാണക്കാലി കുറ്റിപ്പറമ്പിൽ വർക്കിയാണ് (53) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക് ഡിവൈ.എസ്.പി വിനോദ് പിള്ളയാണ് ഏറ്റുമാനൂരിനു സമീപം കാണക്കാരിയിലുള്ള സഹോദരന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്.

1996 ആഗസ്റ്റ് 23ന് രാത്രി ഒൻപതുമണിയോടെയാണ് കേസിനാസ്പദമായ സംഭവം.

വ്യക്തിവൈരാഗ്യത്തെ തുടർന്ന് ബെന്നിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

അന്ന് വർക്കിക്ക് 29 വയസായിരുന്നു പ്രായം. തലയ്ക്കും കഴുത്തിനും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടി താഴെയിട്ടശേഷം മരണം ഉറപ്പാക്കി സമീപത്തെ പാടശേഖരത്തോടു ചേർന്നുള്ള തോട്ടിൽ കെട്ടിതാഴ്ത്തുകയായിരുന്നു. മൃതദേഹം പിറ്റേദിവസം തന്നെ കണ്ടെത്തിയിരുന്നു. പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ബെന്നിയുടെ വീടിനു സമീപം വച്ചായിരുന്നു അരുംകൊല നടന്നത്. ബെന്നിയുടെ കരച്ചിൽ അമ്മ അന്നക്കുട്ടി കേട്ടിരുന്നു. ഇതേ തുടർന്ന് പിതാവ് ജോസഫ് നാട്ടുകാരോടൊപ്പം അന്വേഷണത്തിനിറങ്ങിയെങ്കിലും കണ്ടെത്താനായത് ബെന്നിയുടെ രക്തംപുരണ്ട ചെരുപ്പുകളും മൂന്ന് പല്ലുകളുമായിരുന്നു.

നേരത്തെ വഴക്കുണ്ടാക്കിയിരുന്ന വർക്കിയിൽ സംശയം ഉണ്ടെന്ന വീട്ടുകാരുടെ മൊഴിയെതുടർന്ന് വർക്കിയുടെ വീട് പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അറസ്റ്റ് ഭയന്ന് പിറ്റേദിവസം അതിരാവിലെ തന്നെ വർക്കി സ്ഥലം വിട്ടിരുന്നു.

വർക്കി നേരെ പോയത് തമിഴ്നാട്ടിലേക്കായിരുന്നു. അവിടെ കുറച്ചുനാൾ കഴിഞ്ഞശേഷം അലക്സ് എന്ന പേര് സ്വീകരിച്ച് കർണാടകയിലെ ശിവമോഗയിലേക്ക് പോയി. അവിടെ ചായക്കടകളിലും മറ്റും മാറി മാറി ജോലി ചെയ്തു. ഇതിനിടയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും സംഘടിപ്പിച്ചു. കഴിഞ്ഞ ഏഴുമാസമായി ശിവമോഗയിൽ നിന്നും കർണാടക - കേരള അതിർത്തിയിലെ രാജപുരത്ത് എത്തി താമസിച്ചുവരികയായിരുന്നതായി വർക്കി പൊലീസിനോട് പറഞ്ഞു.

പൊലീസ് ഇയാളെ ചോദ്യം ചെയ്തുവെങ്കിലും അലക്സ് തന്നെയാണെന്ന് ആധാർകാർഡും തിരിച്ചറിയൽ കാർഡും നിരത്തി വാദിച്ചെങ്കിലും ബെന്നിയുടെ പിതാവ് ജോസഫും അയൽവാസികളും ഇയാളെ തിരിച്ചറിയുകയായിരുന്നു. ഇതോടെ വർക്കിക്ക് പിടിച്ചുനില്ക്കാൻ കഴിഞ്ഞില്ല. പിന്നെ സത്യം പൊലീസിനോട് പറയുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.