കോട്ടയം: ബാർബർ ഷോപ്പുകളിൽ പാട്ട് പണ്ടേയുള്ളതാണ്. പക്ഷേ,അജിമോന്റെ ഷോപ്പിൽ അതിനു പാട്ടുപെട്ടി വേണ്ട. മുടിവെട്ടാനെത്തുന്നവരുടെ ഇഷ്ടമനുസരിച്ച് അജിതന്നെ പാടും. '' പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തെടീ...'' പുറത്ത് തമിർത്തുപെയ്യുന്ന മഴ. അകത്ത് കത്രികയുടെ താളത്തിന്റെ അകമ്പടിയിൽ പാട്ട്.
ലോക്ക് ഡൗണിനുശേഷം വീണ്ടും പാട്ടുകേട്ട് മുടിവെട്ടാനായതിന്റെ സന്തോഷമാണ് നാട്ടുകാർക്ക്. കോട്ടയം കറുകച്ചാൽ തോട്ടയ്ക്കാട് അമ്പലക്കവലയിലെ സൂം ജെന്റ്സിലാണ് വ്യത്യസ്തനായ ഈ ബാർബർ സംഗീതവിരുന്നൊരുക്കുന്നത്. അജി ചിത്രകാരനുമാണ്. ലോക്ക്‌ഡൗണിൽ വീട്ടിലിരിക്കേണ്ടിവന്നപ്പോൾ കിടപ്പുമുറിയിലെ ചുവരിൽ വരച്ച പായും കുതിരയുടെ ചിത്രവും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് അജിമോനിലെ ചിത്രകാരനെ സുഹൃത്തുക്കൾപോലും തിരിച്ചറിഞ്ഞത്.
പാട്ടിനോടുള്ള കമ്പംകൊണ്ടാണ് മുടിവെട്ടുമ്പോൾ മൂളിപ്പാട്ട് പാടിത്തുടങ്ങിയത്. എങ്കിൽ ഉറക്കെപ്പാടിക്കൂടെയെന്ന് ആളുകൾ ചോദിച്ചതോടെ കാൽനൂറ്റാണ്ടായി അതൊരു ശീലമായി. കസേരയിൽ ഇരിക്കുന്ന ആളിനെ പുതപ്പിച്ചുകഴിഞ്ഞാൽ പാട്ടുതുടങ്ങും. പിള്ളേർവന്നാൽ റൊമാന്റിക് സോംഗ്. പ്രായമായവരെങ്കിൽ സുമംഗലിയും വികാരനൗകയും സന്യാസിനിയും. ഈശ്വര വിശ്വാസികൾക്ക് വെങ്കിടാചല നിലയം. രണ്ട് പാട്ടിന്റെ ഗ്യാപ്പിൽ വെട്ട് തീരും.
സുഹൃത്തുക്കൾ ഒരുക്കിയ ഭജൻസ്
വീട്ടിലെ കഷ്ടപ്പാടുമൂലം നേരത്തെ തൊഴിലിനിറങ്ങേണ്ടിവന്ന അജിമോന് ഒന്നരവർഷമേ പാട്ട് പഠിക്കാനായുള്ളൂ. ഒഴിവുസമയത്ത് കോട്ടയം കലാക്ഷേത്രയിൽ. അതും 25-ാം വയസിൽ. ഇപ്പോൾ 47 വയസായി. അജിയുടെ പ്രതിഭ തിരിച്ചറിഞ്ഞ സുഹൃത്തുക്കൾ തോട്ടയ്ക്കാട് കേന്ദ്രീകരിച്ച് ഭജൻസ് തുടങ്ങി. കരോക്കെ ഗാനമേളയ്ക്കും പാടും. മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയിലും നിവിൻ പോളിയുടെ സഖാവിലും മുഖം കാട്ടാനുമായി. അച്ഛന്റെ ചിത്രരചനാവാസന മകൻ അഭിജിതിന് കിട്ടിയിട്ടുണ്ട്. രാജിയാണ് ഭാര്യ. മകൾ: അഭിരാമി.