ബ്ലേഡ് മാഫിയാസംഘങ്ങൾ സജീവമാകുന്നു

ചങ്ങനാശേരി: വട്ടപ്പലിശക്കാർ തക്കംപാർത്തിരിക്കുകയാണ്, ഇരകളെതേടി... ലോക്ക്ഡൗൺ കാലത്തെ ജനങ്ങളുടെ ദുരിതം മുതലാക്കിയാണ് ബ്ലേഡ് മാഫിയാസംഘങ്ങൾ പെരുകുന്നത്. നാട്ടിൻപുറങ്ങളിലെ വീട്ടമ്മമാരേയും മറ്റും ലക്ഷ്യമിട്ടാണ് ഉയർന്ന പലിശനിരക്കിൽ ഇവർ പണം നൽകുന്നത്. ദിവസചിട്ടി, ആഴ്ച ചിട്ടി എന്ന തരത്തിലാണ് പണം നൽകുന്നത്. യാതൊരു ലൈസൻസും ഇല്ലാത്ത ഇത്തരക്കാരുടെ പ്രവർത്തനം. പുതുതലമുറ ബാങ്കുകൾ നടത്തുന്ന മൈക്രോ ഫിനാൻസ് യൂണിറ്റുകളെക്കുറിച്ചും വ്യാപകമായ പരാതികളുണ്ട്. ഏജന്റുമാർ മുഖേനയാണ് ഇടപാടുകൾ. വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി നിർബന്ധമായി പണം പിരിക്കാൻ ഏജന്റുമാർ ശ്രമിക്കുന്നതായും വീട്ടമ്മമാർ പറയുന്നു.

പലിശ @ 25

കഴുത്തറപ്പൻ പലിശയ്ക്കും പണം വാങ്ങാൻ പലരും തയാറാകുന്നു എന്നതാണ് നാട്ടിൻപുറങ്ങളിൽ ബ്ലേഡ് മാഫിയ തഴച്ചുവളരാൻ പ്രധാനകാരണം. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർ ഉൾപ്പെടെ ബ്ലേഡ് മാഫിയയുടെ ഇരകളാണ്. 100 രൂപയ്ക്ക് 25 രൂപ വരെ പ്രതിമാസ പലിശ വരെ ഈടാക്കുന്നതായും പരാതിയുണ്ട്.

പരാതി നൽകും

ബ്ലേഡ് മാഫിയാസംഘത്തിനെതിരെ അധികാരികൾക്ക് പരാതി നൽകുമെന്ന് ഇത്തിത്താനം വികസന സമിതി വ്യക്തമാക്കി. സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് പ്രസിഡന്റ് പ്രസന്നൻ ഇത്തിത്താനം, സെക്രട്ടറി ബിജു.എസ്.മേനോൻ, ടി.വി അജിമോൻ എന്നിവർ ആവശ്യപ്പെട്ടു.