കോട്ടയം: ലോക് ഡൗൺ നാലാംഘട്ട ഇളവുകളെ തുടർന്ന് ജില്ലകൾക്കുള്ളിൽ കെ.എസ്.ആർ.ടിസി സർവീസുകൾ ആരംഭിച്ചെങ്കിലും ആദ്യദിനത്തിൽ തണുപ്പൻ പ്രതികരണം. കൂടുതൽ ആളുകൾ എത്തിത്തുടങ്ങുമെന്ന പ്രതീക്ഷയിൽ തിങ്കൾ മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം.

ജില്ലയിലെ 7 ഡിപ്പോകളിൽ നിന്നായി ആകെ 92 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ജില്ലയിലെ പ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവീസെങ്കിലും ആളുകൾ തീരെ കുറവായിരുന്നു. ചില സർവീസുകൾ കാലിയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടുകളിലൂടെയാണ് ബസുകളുടെ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്. എന്നാൽ ചാർജ് ഇരട്ടിയായതിനാലും സീറ്റുകളുടെ അകലവും അടക്കം കൊവിഡ് നിബന്ധനയും മൂലമാണ് ആളുകൾ കുറഞ്ഞത്. കോട്ടയം-ചങ്ങനാശേരി,​ കോട്ടയം-പാലാ,​ പാലാ- ഈരാറ്റുപേട്ട,​ പാലാ-മുണ്ടക്കയം,​ ചങ്ങനാശേരി-പുതുപ്പള്ളി,​ പാലാ-വൈക്കം തുടങ്ങിയ സർവീസുകളാണ് നടത്തിയത്. ഇന്ന് കൂടുതൽ റൂട്ടുകളിലേയ്ക്ക് സർവീസ് നടത്തും. ഇതിന് പുറമെ കളക്ടറേറ്റ് ജീവനക്കാർക്കായി പ്രത്യേക ബസും സർവീസ് നടത്തി. ഒരു സ്വകാര്യ ബസ് മാത്രമേ സർവീസ് നടത്തിയുള്ളൂ. സർവീസിന് മുൻപും ശേഷവും ബസുകളെല്ലാം അണുവിമുക്തമാക്കി.

 ടിക്കറ്റ് നിരക്കിൽ 50% വർദ്ധന, യാത്രാ സൗജന്യമുള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി
ബസിന്റെ പിറകിലെ വാതിലിലൂടെ പ്രവേശനം, പുറത്തിറക്കിയത് മുൻ വാതിലിലൂടെ
 ബസിൽ കയറുന്നതിനു മുൻപ് സാനിറ്റൈസറോ സോപ്പോ ഉപയോഗിക്കണം, മാസ്‌ക് ധരിക്കണം
3 പേർക്കുള്ള സീറ്റുകളിൽ 2 പേരും 2 പേർക്കുള്ള സീറ്റിൽ ഒരാളും വീതം അകലം പാലിച്ച് ഇരിക്കണം

ഡിപ്പോകളും സർവീസും

പൊൻകുന്നം : 12

എരുമേലി : 8

 ചങ്ങനാശേരി :11

പാലാ : 20

കോട്ടയം : 17

ഈരാറ്റുപേട്ട : 13