പാലാ: ലോക്ക്ഡൗൺ കാലം കലകൾ കൊണ്ട് സമ്പന്നമാക്കിയ കെ.എസ്. ആർ.ടി.സി. സെൻട്രൽ സോൺ ജീവനക്കാർ ശേഷം വീണ്ടും ഡ്യൂട്ടിക്കിറങ്ങി. സന്നദ്ധ പ്രവർത്തനത്തിന് പുറമേ കെ.എസ്.ആർ ടി.സി.യിലെ സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തിലാണ് കോട്ടയം എറണാകുളം, ഇടുക്കി ജില്ലകളിലായി വിവിധ പരിപാടികൾ നടന്നത്. പാലാ,കൂത്താട്ടുകുളം ഡിപ്പോകളിലെ ജീവനക്കാർ ചേർന്ന് തൽസമയം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നടത്തിയ കലാവിരുന്നായിരുന്നു ഏറെ ശ്രദ്ധേയം.ഏപ്രിൽ 20ന് ഐഡിയ സ്റ്റാർ സിംങർ ഫെയിം ജിൻസ് ഗോപിനാഥ് തുടങ്ങി വെച്ച സംഗീതരാവിൽ നിരവധി കലാകാരൻമാർ പങ്കാളികളായി.
ആൽബങ്ങളിലൂടെ പ്രശസ്തയായ മൂന്നാം ക്ലാസ്‌കാരി സാനിദ്യ മുതൽ ചലചിത്ര പിന്നണി ഗായകരായ ശ്രീപ്രിയ മേനോനും, സുലേഖ നമ്പ്യാരും, രതീഷ് കലാഭവനും, ചലച്ചിത്ര താരം മനോജ് വഴിപ്പടിയും, ആൽബങ്ങളിലെ നിറസാന്നിദ്ധ്യമായ അശ്വതി ജിൽബി, ഫെമി ഷാജി, ജെറാൾഡി ജയിംസ്, സുവീഷ് എറണാകുളം, സുരേഷ് കല്യാണി ,രഞ്ജു പിറവം, ഐഡിയ സ്റ്റാർ സിംങർ ഫെയിം ആൻ മേരി, നാടൻപാട്ട് കലാകാരൻ സതീഷ് മാമ്പള്ളി, ഗാനമേളകളിലെ നിറസാന്നിദ്ധ്യം കുഞ്ഞികൃഷ്ണൻ, സനൂപ്, രഞ്ജിത്ത്, ലിംകാ ബുക്ക് അവാർഡ് വിന്നർ ചൂളമടി കലാകാരൻ അനിൽ ജേക്കബ്, ക്രിസ്റ്റി, കോമഡി ഉത്സവം ഫെയിം അരുൺലാൽ എന്നിവരാണ് വിവിധ ദിവസങ്ങളിലെ തൽസമയ പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഇതിനെല്ലാം ആയിരക്കണിക്കിനു പ്രേക്ഷകരുമുണ്ടായത് ജീവനക്കാരിൽ ആവേശം പകർന്നു.
കൂത്താട്ടുകുളത്തെ പ്രശസ്ത കലാ സാംസ്‌കാരിക സംഘടനയായ കേളീഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയും, പ്രോഗ്രാം കമ്മറ്റിയുടെ കൺവീനറുമായി പ്രവർത്തിച്ചത് കെ.എസ്.ആർ. ടി.ഇ. (സി.ഐ.ടി.യു.) കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി പ്രശാന്ത് വേലിക്കകമാണ്.