കോട്ടയം : ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിക്കാത്തതിന് പിന്നാലെ ജില്ലയിൽ ആദ്യം എത്തിയ പ്രവാസികളുടെ സംഘം 14 ദിവസത്തെ ഹോം ക്വാറന്റൈൻ ഇന്ന് പൂർത്തിയാക്കും. ഏഴിന് അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ 20 പേരാണ് ഹോം ക്വാറന്റൈനിൽ കഴിയുന്നത്. ഇതിൽ അബുദാബിയിൽ നിന്നുള്ള വിമാനത്തിൽ എത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾക്കൊപ്പം കേന്ദ്രത്തിൽ കഴിയുന്ന സഹയാത്രികരായ ഏഴു പേരുടെയും സാമ്പിളുകൾ നെഗറ്റീവാണ്. ഇവർ നാളെ വീടുകളിലേക്ക് മടങ്ങും. ഇവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ജില്ലക്കാരായ നാലു ഗർഭിണികൾ ഉൾപ്പെടെ പത്തു പേർ ഹോം ക്വാറന്റൈനിലാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത സാഹചര്യത്തിൽ ഇവരെയും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കും. ദുബായ്-കൊച്ചി വിമാനത്തിൽ ഒരു ഗർഭിണിയുൾപ്പെടെ രണ്ടു സ്ത്രീകൾ മാത്രമാണ് എത്തിയിരുന്നത്. മേയ് നാല്, അഞ്ച് തീയതികളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 28 പേരെയും ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.