കോട്ടയം : സ്വകാര്യബസുകൾ ഇന്ന് മുതൽ സർവീസ് നടത്താൻ തീരുമാനിച്ചെങ്കിലും ജില്ലയിൽ നിരത്തിലിറങ്ങുക പത്ത് ശതമാനം ബസുകൾ മാത്രം. അന്തർജില്ല സർവീസ് നടത്തുന്ന ബസുകൾ ഒഴിവാകുന്നതിന് പുറമെ അറ്റകുറ്റപ്പണിക്കായി പല ബസുകളും മാറ്റുന്നതിനാലാണിത്. തിങ്കളാഴ്ച മുതൽ പകുതിയോടെ ബസുകൾ ഓടിത്തുടങ്ങുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടൽ.

ജില്ലയിൽ ഭൂരിഭാഗം ബസുകളും ജി ഫോം പരിധിയിലാണ്. ടാക്സ്,​ ക്ഷേമനിധി എന്നിവയ്ക്ക് ആനുകൂല്യം പ്രഖ്യാപിച്ചതോടെയാണ് സർവീസ് നടത്താൻ ഉടമകൾ തീരുമാനിച്ചതെങ്കിലും ഭൂരിഭാഗം ബസുകളും അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയിലാണ്. ജി ഫോം ചട്ടപ്രകാരം ഇക്കാലത്ത് അറ്റകുറ്റപ്പണികൾക്കായി പോലും ബസുകൾ നിരത്തിലിറങ്ങരുത്. ഇപ്പോൾ ലഭിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ഇനിവേണം അറ്റകുറ്റപ്പണികൾ നടത്താൻ.
ആർ.ടി.ഒയെ വിവരമറിയിച്ചതിന് ശേഷമാണ് ജില്ലയിലെ സ്വകാര്യ ബസുകൾ ജി–ഫോമിലാക്കിയത്. '60 ദിവസമോ അതിലധികമോ നാൾ അനക്കാതെ കിടന്നാൽ മാത്രമേ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ. വാഹനം കിടക്കുന്ന സ്ഥലത്ത് നിന്ന് അനക്കിയാൽ ജി–ഫോം റദ്ദാക്കും.

 ഇനിയുമുണ്ട് തടസം

അന്തർ ജില്ലകളിൽ സർവീസ് നടത്തുന്ന ബസുകളാണ് കൂടുതലും. കോട്ടയം-എറണാകുളം, കോട്ടയം-കുമളി, കോട്ടയം-റാന്നി, കോട്ടയം- കോഴഞ്ചേരി, കോട്ടയം-തിരുവല്ല എന്നിങ്ങനെയാണ് സർവീസുകൾ. ഇവയ്ക്കൊന്നും നിലവിലെ ചട്ടപ്രകാരം സർവീസിന് കഴിയില്ല. പിന്നെയുള്ളത് ടൗൺ സർവീസുകളാണ്. 150 ഓളം ടൗൺ ബസുകളുണ്ടെങ്കിലും രണ്ടുമാസം വണ്ടി ചലിക്കാതെ കിടന്നതിനാൽ ബാറ്ററിമുതൽ സെൻസറുകൾ വരെ മാറേണ്ട അവസ്ഥയിലാണ്.

ജില്ലയിൽ : 1000 ബസുകൾ

 സർവീസ് നടത്താൻ സാധിക്കുന്നത് : 400

 ഇന്ന് സർവീസ് നടത്തുക: 100

'' റോഡ് ടാക്സ്, ക്ഷേമനിധി ആനുകൂല്യങ്ങളിലാണ് സർക്കാർ ഇളവ് തന്നത്. ഇൻഷ്വറൻസ് ആനുകൂല്യം കേന്ദ്രസർക്കാർ പരിധിയിലാണ്. ശനിയാഴ്ച ദിവസം സർക്കാർ ഓഫീസുകളില്ലാത്തതിനാൽ ആളുകൾ തീരെ കുറവായിരിക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണും. ഫലത്തിൽ അഞ്ച് ദിവസമേ സർവീസ് നടക്കൂ''-

സുരേഷ്, ബസ് ഓപ്പറേറ്റേഴ്സ് അസോ.