മൂന്നാർ : ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളിൽ സർക്കാർ അയവുവരുത്തിയതോടെ മൂന്നാറും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. കൂടുതൽ കച്ചവട സ്ഥാപനങ്ങളും പച്ചക്കറി മാർക്കറ്റുകളും സജീവമായി. തോട്ടം മേഖലയിൽ നിന്നടക്കമുള്ള ആളുകൾ മൂന്നാറിൽ സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിത്തുടങ്ങി. ഓട്ടോറിക്ഷ - കെ.എസ്.ആർ.ടി.സി സർവീസുകളും പുന:രാരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടൗണിൽ നിലനിന്നിരുന്ന കർശന പരിശോധനകൾക്കും പൊലീസ് ഇളവു നൽകിയിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടിൽ നിന്നടക്കമെത്തുന്നവരുടെയും പുറം ജില്ലയിൽ നിന്നെത്തുന്നവരുടെയും വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രവർത്തനാനുമതിയുള്ളത്.