bank

പാലാ : എസ്.ബി.ഐ ഭരണങ്ങാനം ശാഖയിൽ നിന്ന് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയെ പാലായിലെത്തിച്ച് തെളിവെടുത്തു. മറ്റൊരു കേസിൽ പിടിയിലായി കാക്കനാട്ട് സബ് ജയിലിൽ കഴിയുന്ന പൂവരണി വിളക്കുമാടം തറപ്പേൽ മനോജിനെ(46) പാലാ പൊലീസ് കഴിഞ്ഞ 14 നാണ് കാക്കനാട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇതുവരെ അഞ്ച് പേരാണ് പിടിയിലായത്. മനോജിന്റെ ഭാര്യ വിളക്കുമാടം തറപ്പേൽ ആനി ജോസഫ് (40), പോണാട് കുര്യാലപ്പുഴ സിബി (52), മേലുകാവ് പുരയിടത്തിൽ ജയ്‌സൺ (50), കൊല്ലപ്പള്ളി സ്വദേശിനി മണിക്കുട്ടി എന്നിവരെ പാലാ ഡി.വൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. 2015ൽ യഥാർത്ഥ രേഖകൾ നൽകി ഭവനവായ്പ എടുത്ത് കൃത്യമായി തിരിച്ചടച്ച് വിശ്വസ്യത നേടിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്. സമീപത്തെ 2 വില്ലേജ് ഓഫീസുകളുടെ പേരിലുണ്ടാക്കിയ വ്യാജ രേഖകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്.