വൈക്കം: ചുഴലിക്കാറ്റിലും മഴയിലും വൈക്കം മേഖലയിൽ നാശനഷ്ടം നേരിട്ടവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. പ്രകൃതിക്ഷോഭ ബാധിത മേഖലകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വീടുകൾക്കും വൈക്കം ക്ഷേത്രത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പല വീടുകളും അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്തവിധത്തിൽ തകർന്നു. വിശദാംശങ്ങൾ ജില്ലാ കളക്ടർ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മഹാദേവക്ഷേത്രത്തിനുമുണ്ടായ നാശനഷ്ടങ്ങളും മന്ത്രി നേരിൽ കണ്ട് വിലയിരുത്തി. സി.കെ ആശ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ബിജു കണ്ണേഴത്ത്, ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അനിൽകുമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തഹസിൽദാർ എസ്. ശ്രീജിത്ത് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.