പാലാ : കർണാടകയിൽ നിന്ന് പാലായിലെത്തിയ നാലംഗ സംഘത്തെ പൊലീസ് ക്വാറന്റൈനിലാക്കി. ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഘമെത്തിയത്. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിലാണ് എത്തിയതെന്നാണ് സംഘാഗങ്ങൾ പൊലീസിനോട് പറഞ്ഞത്. കോതമംഗലം സ്വദേശിനിയായ യുവതിയും മേലുകാവ് സ്വദേശിയും ഇടുക്കി ജില്ലയിലുള്ള രണ്ടുപേരുമാണ് പാലായിലെത്തിയത്. യുവതിയെ പിന്നീട് ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ബാക്കി മൂന്നുപേരെയാണ് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിച്ചത്. ജനറലാശുപത്രി ജങ്ഷനിൽ ബാഗുമായി നാലുപേർ നടന്നു പോകുന്നതു കണ്ട പൊലീസ് ഇവരോട് വിശദാംശങ്ങൾ
ചോദിച്ചറിഞ്ഞ് റവന്യൂ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ എത്തിയ ഇവർക്ക് സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ പാടുപെട്ടു.പാലാ ജനറലാശുപത്രിയിലെ ആംബുലൻസ് എത്തിച്ച്
ഇവരെ ക്വാറന്റൈൻകേന്ദ്രത്തിലെത്തിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം ഉത്തരവാദിത്വത്തിൽ നാട്ടിലെത്തണമെന്നാണ് നിർദേശിച്ചിട്ടുള്ളതെന്ന് പാലാ ആർ.ഡി.ഒ. അനിൽകുമാർ പറഞ്ഞു. ഇവർ
എത്തിയത് നിയമ വിരുദ്ധമായാണന്നും അദേഹം പറഞ്ഞു. ഇവർക്ക് കേരളത്തിലേയ്ക്ക് വരാൻ പാസുണ്ടന്ന് പൊലീസ് പറഞ്ഞു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ചിലർ കുമളി,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഇറങ്ങിയതായും
പൊലീസിനെ അറിയിച്ചിട്ടുണ്ട്.