കോട്ടയം: കോട്ടയം സാധാരണ നിലയിലേക്ക്. റോഡ് നിറയെ വാഹനങ്ങൾ. കടകമ്പോളങ്ങൾ ഉഷാറിലായി. രാവിലെ തന്നെ റോഡിൽ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ ലോക്ക് ഡൗൺ ജനങ്ങൾ മറന്ന മട്ടായി. എന്നാൽ ബസ് കിട്ടാൻ കൂടുതൽ സമയം റോഡിൽ കാത്തിരിക്കേണ്ടിവന്നത് സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി.ഇന്നലെ ഏതാനും സ്വകാര്യ ബസുകളേ നിരത്തിലിറങ്ങിയുള്ളു. എന്നാൽ ഇന്ന് കൂടുതൽ ബസുകൾ സർവീസിനെത്തി. ഇന്നലെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളിൽ ആളുകൾ കുറവായിരുന്നുവെങ്കിൽ ഇന്ന് തരക്കേടില്ലാത്ത തിരക്ക് അനുഭവപ്പെട്ടു. ഒരു സീറ്റിൽ രണ്ടു പേരെ ഇരുത്തിയാണ് സർവീസ് നടത്തുന്നത്. എന്നാൽ ചങ്ങനാശേരിയിൽ നിന്നും ഇന്ന് രാവിലെ കോട്ടയത്ത് എത്തിയ സ്വകാര്യ ബസിൽ നിന്ന് ആളുകൾ യാത്ര ചെയ്യുന്നത് കാണാമായിരുന്നു.
അതേസമയം ജില്ലയിലെ ഹോട്ട്സ്പോട്ടായ കോരൂത്തോട് കർശന നിയന്ത്രണത്തിലാണ്. കോരൂത്തോട് പഞ്ചായത്തിലെ രണ്ട്, നാല് വാർഡുകളാണ് ഹോട്ട്സ്പോട്ടായി നിലവിലുള്ളത്. മഹാരാഷ്ട്രയിൽ നിന്നും എത്തിയ യുവാവിന് കൊവിഡ‌് സ്ഥിരീകരിച്ചതോടെയാണ് കോരൂത്തോട് ഹോട്ട്സ്പോട്ടിലായത്. എ.ഡി.ജി.പി പി.കെ പദ്മകുമാർ ഇന്നലെ കോരൂത്തോട് സന്ദർശിച്ച് നിയന്ത്രണങ്ങൾ വിലയിരുത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീട്ടിലേക്കുള്ള വഴികളും ബാരിക്കേട് കെട്ടി പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച തിരുവനന്തപുരം സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പാറശാല സ്വദേശി നാല്പതുകാരനാണ് കോട്ടയത്ത് ചികിത്സയിലുള്ളത്. ബി.പി.സി.എൽ ഇൻസ്റ്റലേഷൻ ജോലി ചെയ്യുന്ന ഇയാൾക്ക് ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ലഭിച്ച ടെസ്റ്റിലാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ മൂന്നു പേരാണ് ചികിത്സയിലുള്ളത്.