pic

കോട്ടയം: നാട്ടിൽ പോവണമെന്ന് വാശിപിടിച്ച് കേരളത്തിൽ ആദ്യം തെരുവിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ ശുഭാപ്തി വിശ്വാസത്തിൽ. ചൊവ്വാഴ്ച സ്പെഷ്യൽ ട്രെയിനിൽ 1180 തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് കയറ്റിവിട്ടതോടെയാണ് ബാക്കിയുള്ള 2800 ഓളം തൊഴിലാളികൾ അടുത്തദിവസം തന്നെ നാട്ടിലെത്താമെന്ന ശുഭാപ്തി വിശ്വാസത്തിൽ ക്യാമ്പുകളിൽ കഴിയുന്നത്. അടുത്ത ചൊവ്വാഴ്ച അടുത്ത ട്രെയിൻ ഇവരെ കൊണ്ടുപോവാൻ എത്തും.

ക്യാമ്പിലുള്ളവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതിനാൽ മറ്റ് പരാതികളൊന്നും ഇല്ലെന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാർ പറഞ്ഞു. രോഗം ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് ട്രെയിൻ കയറ്റിവിട്ടത്.

അതേസമയം കുറച്ച് തൊഴിലാളികൾ ജോലിക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. അവരിൽ കുറെപ്പേർ ഇവിടെതന്നെ തങ്ങുമെന്നാണ് അറിയുന്നത്. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തിട്ടുണ്ട്.