കോട്ടയം: എസ്.ബി.ഐ ഭരണങ്ങാനം ശാഖയിൽ നിന്നും വ്യാജ പ്രമാണങ്ങൾ ഹാജരാക്കി രണ്ടുകോടി രൂപ തട്ടിയെടുത്തത് മനോജിന്റെ പദ്ധതിപ്രകാരം. നാലു വർഷം മുമ്പേ ഇയാൾ പദ്ധതി എഴുതിതയാറാക്കിയാണ് കൂട്ടാളിളെ അണിനിരത്തി തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞു. ഇന്നലെ പാലാ പൂവരണി വിളക്കുമാടം തറപ്പേൽ മനോജിനെ (43) അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഇയാളുടെ ഭാര്യ അടക്കം നാലു പേരെ നേരത്തെ പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് അറസ്റ്റ് ചെയ്തിരുന്നു.
2015-ൽ യഥാർത്ഥ രേഖകൾ ഹാജരാക്കി കൃത്യമായി തവണകളടച്ച് ബാങ്കിന്റെ വിശ്വാസം ആർജ്ജിച്ചശേഷമാണ് കൂടുതൽ ആളുകളെ ഉൾപ്പെടുത്തി രണ്ട് കോടിയോളം രൂപ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തത്. വ്യാജമായി നിർമിച്ച കരമടച്ച രസീതുകളും കൈവശാവകാശ സർട്ടിഫിക്കറ്റും അനുബന്ധ രസീതുകളും നിർമിച്ചാണ് തട്ടിപ്പിന് ഇയാൾ കളമൊരുക്കിയത്. സമീപത്തെ രണ്ട് വില്ലജ് ഓഫീസുകളുടെ പേരിലുണ്ടാക്കിയ വ്യാജരേഖകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ബാങ്കിന്റെ ഭരണങ്ങാനം ശാഖയിലെ മുൻ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. മുൻ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പുതിയതായി എത്തിയ ബാങ്ക് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടുപിടിച്ചത്.
മുഖ്യപ്രതി മനോജിന്റെ ഭാര്യ ആനി ജോസഫ് (40), പോണാട് കുര്യാലപ്പുഴ സിബി (52), മേലുകാവ് പുരയിടത്തിൽ ജയ്സൺ (50), കൊല്ലപ്പള്ളി മണിക്കുട്ടി എന്നിവരാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.