കോട്ടയം: ചെങ്ങളത്ത് ബിനുവിന്റെ 50 ഏത്തവാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും നശിച്ചത്. മണ്ണിളക്കി വിത്ത് നട്ട് വളംചെയ്ത് കുഞ്ഞിനെ പരിപലിക്കും പോലെ പോറ്റിയ കൃഷി നശിച്ചപ്പോൾ ബിനുവിനെപ്പോലെ നൂറുകണക്കിന് കർഷകരാണ് ദുരിതത്തിലായത്. ജില്ലയിലെ കർഷകർക്ക് ഇപ്പോൾ പേടി കൊവിഡിനെയല്ല, പ്രവചിക്കാൻ പറ്റാത്ത കാലാവസ്ഥയെയാണ്. കാലംതെറ്റിവരുന്ന മഴയും കാറ്റും കോടികളുടെ കൃഷിയാണ് കവരുന്നത്. പ്രളയത്തിനും വരൾച്ചയ്ക്കും ശേഷം നട്ടെല്ല് നിവർത്താൻ ശ്രമിക്കുന്ന കർഷകരെ കാലാവസ്ഥ വീണ്ടും ചതിക്കുകയാണ്.
മലയോര പടിഞ്ഞാറൻ മേഖലകളെ ഒരുപോലെ മഴചതിച്ചു. ജില്ലയിൽ കനത്തകാറ്റും മഴയും 12.93 കോടി രൂപയുടെ കൃഷിയാണ് നശിപ്പിച്ചത്. ഏത്തവാഴ കർഷകർക്കും നെൽ കർഷകർക്കുമാണ് കൂടുതൽ നഷ്ടം. വളപ്രയോഗമൊക്കെ കഴിഞ്ഞ് കുലയ്ക്കാറായ 79126 വാഴകളും നശിച്ചവയിൽ പെടും.
കൂടുതൽ നാശമുണ്ടായത്
ആർപ്പൂക്കര, കല്ലറ, മുളക്കുളം,വെള്ളൂർ,തൃക്കൊടിത്താനം, പായിപ്പാട്, വാഴപ്പള്ളി,ചെമ്പ്, ഉദയനാപുരം, വെച്ചൂർ, തലയാഴം, മറവന്തുരുത്ത്, ടി.വിപുരം,തീക്കോയി, നീണ്ടൂർ.
നഷ്ടം 908 കർഷകർക്ക്
908 കർഷകരുടെ 431.1 ഹെക്ടർ കൃഷിയാണ് നശിച്ചത്. 4.40 കോടിയുടെ നെല്ലും 4.74 കോടിരൂപയുടെ വാഴയും നശിച്ചു.16 ലക്ഷം രൂപയുടെ റബറും 11 ലക്ഷം രൂപയുടെ പച്ചക്കറിയും 22 ലക്ഷം രൂപയുടെ ജാതിയും നശിച്ചിട്ടുണ്ട്.
''നഷ്ടം കണക്കാക്കി കൃഷിവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരതുക കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും''
അഡീഷണൽ ഡയറക്ടർ, കൃഷി വകുപ്പ്