കോട്ടയം: കോട്ടയത്തെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ്ക്ലബ്ബിന് അമ്പത് വയസ്. സുവർണജൂബിലിയിലേക്ക് കടക്കുന്ന

പ്രസ്ക്ലബ്ബിന് സ്വന്തമായി തിരുനക്കര മൈതാനത്തിനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനും സമീപം രണ്ട് ബഹുനില മന്ദിരമുണ്ട്. ജേർണലിസം കോഴ്സും ഫോട്ടോഗ്രാഫി കോഴ്സുമുണ്ട്.

തിരുനക്കരയിൽ എസ്.എൻ.വിഹോട്ടലിലെ (ഇന്നത്തെ ആനന്ദ മന്ദിരം) വാടക മുറിയിൽ കൂടിയിരുന്ന മാദ്ധ്യമപ്രവർത്തകരുടെ വിയർപ്പിൽ നിന്നാണ് കോടികളുടെ ആസ്തിയിലേക്ക് പ്രസ്ക്ലബ്ബ് വളർന്നത്.

എഴുപതുകളിലാണ് നഗരത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് ഒരിടം എന്ന ആഗ്രഹം മൊട്ടിടുന്നത്. തിരുനക്കര ഹോംഗാർഡ് മൈതാനത്തിന് സമീപം മൂന്നര സെന്റ് സ്ഥലം പ്രസ്ക്ലബ്ബിന് സർക്കാരിൽ നിന്ന് ലഭിച്ചത് അന്നത്തെ മാദ്ധ്യമ പ്രവർത്തകരുടെ രാഷ്ട്രീയ ബന്ധം കാരണമാണ് .

1970 മെയ് 17ന് റവന്യു മന്ത്രി കെ.ടി ജേക്കബ് ശിലാസ്ഥാപനം നടത്തി ഒരു വർഷത്തിനുള്ളിൽ ഒരു നില പൂർത്തിയാക്കി പ്രസ്ക്ലബ്ബ് പ്രവർത്തനം തുടങ്ങി . അന്നത്തെ ഒരു പിടി ലേഖകരുടെ കൂട്ടായ്മയുടെ വിജയമാണ് പ്രസ്ക്ലബ്ബ് മന്ദിര പൂർത്തീകരണത്തിലെത്തിയത്. ടി.പി.രാജശേഖരനും (പ്രസിഡന്റ്) കെ.എം.റോയിയും (സെക്രട്ടറി) ആയിരുന്നു ആദ്യ പ്രസ്ക്ലബ് ഭാരവാഹികൾ. അംഗങ്ങൾ കൂടിയപ്പോൾ തിരുനക്കരയിലെ പ്രസ്ക്ലബ്ബ് മന്ദിരം പോരാതെ വന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് കെ.എസ്.ആർ.ടി.സിക്ക് സമീപം പത്തു സെന്റ് സ്ഥലം സ്വന്തമാക്കി നാലുനില മന്ദിരം നിർമിച്ചത്.