കോട്ടയം: ബിവറേജസ് ഔട്ട് ‌ലെറ്റുകളും ബാറുകളും തുറന്നാലും മദ്യവിൽപ്പന പഴയപോലെ ഉഷാറാവില്ലെന്ന കണക്കുകൂട്ടലിലാണ് എക്സൈസ്. ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാൻ ലോക്കൽ, വി.ഐ.പി വ്യത്യാസമില്ലാതെ വീട്ടിൽ വാറ്റിയവരേറെയുണ്ടെന്ന് എക്സൈസ് സമ്മതിക്കുന്നു. ഒന്നര മാസത്തിനുള്ളിൽ മുൻ വർഷത്തേതിന്റെ ഇരട്ടിയോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒട്ടേറെയിടങ്ങളിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പിടകൂടിയതിന്റെ പതിൻമടങ്ങ് വാറ്റ് നടന്നിട്ടുണ്ടാവണം. ഇതെല്ലാം കണ്ടെത്തുക എളുപ്പമല്ല. ഒറ്റിയതു മാത്രമേ പിടിയിലായിട്ടുള്ളൂ എന്നതാണ് സത്യം.

വാറ്റുന്നത് എങ്ങനെയെന്ന് യു ട്യൂബിൽ നോക്കി പഠിച്ചവരേറെയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിൽ പതിവ് വാറ്റുകാർക്ക് പുറമേ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ

വരെ പിടിയിലായിരുന്നു. ലോക്ക് ഡൗണിൽ സ്ഥിരം മദ്യപർക്ക് മദ്യം ലഭിക്കാതാവുമ്പോൾ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ജില്ലയിൽ ചങ്ങനാശേരിയിൽ നിന്ന് ഒറ്റക്കേസ് മാത്രമേ രജിസ്റ്റർ ചെയ്തുള്ളൂ. വിമുക്തി സെന്ററിലേയ്ക്കുള്ള വരവും കുറഞ്ഞു.

വാറ്റിനു വീര്യം കൂ‌ടുതൽ

കോട പാകമാകാൻ എടുത്ത ആദ്യത്തെ ആറു ദിവസത്തിന് ശേഷം ആവശ്യക്കാർക്ക് ഇഷ്ടംപോലെ വാറ്റ് ചാരായം ലഭിക്കാൻ തുടങ്ങിയതും പലരും വീട്ടിൽ കുക്കർ ഉപയോഗിച്ച് വാറ്റാൻ തുടങ്ങിയതുമാണ് ജില്ലയിൽ അധികം മദ്യപപ്രശ്നങ്ങൾ പ്രകടമാകാതിരുന്നതിനു കാരണമെന്ന് എക്‌സൈസ് സമ്മതിക്കുന്നു. അതേസമയം പഴങ്ങൾ വാറ്റുമ്പോൾ വീര്യം 60 ശതമാനത്തിനും മുകളിലാണ്. ഈ രുചി അറിഞ്ഞവർ ബിവറേജസിലേയ്ക്ക് ഇനി തിരിച്ചുവരുമോയെന്നും സംശയം.

മാർച്ച് 25 - മേയ് 17 വരെ

രജിസ്റ്റർ ചെയ്തത് 138 കേസ്

 പ്രതികൾ: 46

 പിടിച്ചെടുത്ത കോട: 6755 ലിറ്റർ

 ചാരായം 105ലിറ്റർ