കോട്ടയം: ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതിനിടെ, യാതൊരു മാനദണ്ഡവുമില്ലാതെ റോഡരികിൽ പാഴ്‌സൽ വിൽക്കുന്നവർ സജീവമായതായി ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ നൽകുന്നതിനു പോലും അനുമതി നൽകിയത് ആഴ്ചകൾക്കു മുൻപ് മാത്രമാണ്. എന്നാൽ, ഈ അനുമതിയുടെ മറവിൽ വിവിധ സ്ഥലങ്ങളിൽ റോഡരികിൽ അനധികൃത പാഴ്‌സലുകാർ സജീവമാണ്. പതിനായിരങ്ങൾ വാടക നൽകി, വൈദ്യുതി ചാർജും തൊഴിലാളികൾക്കു ശമ്പളവും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് തറവാടക പോലും നൽകാതെ ഇവർ റോഡരികിൽ ഭക്ഷണം വിൽക്കുന്നത്. ഇത് നിയന്ത്രിക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.