പാലാ : സമൂഹത്തെ രക്ഷിക്കാൻ കൊവിഡിനെതിരെ നിരന്തരം പോരാടുന്ന സഹപ്രവർത്തകരെ മനസിൽ കണ്ട് ഡോ.മീരാ സൂസൻ വർഗീസ് ഹൃദയരാഗം മീട്ടി. 'ജീവനം, അതിജീവനം, രണപാതയിൽ നവദീപകം...പാട്ടിന് വയലിനിൽ പക്കമൊരുക്കി ഇതിന്റെ സംഗീത സംവിധായകൻ കൂടിയായ കെ.എസ്.ശ്യാം. മഹാമാരിക്കെതിരെ പോരാടുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും സമർപ്പിച്ച ഈ ഗാനോപഹാരം ഇന്നലെ റിലീസ് ചെയ്തപ്പോൾ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
പാലാ ഉള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒപ്പം മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡോക്ടറും ഗായികയുമായ മീരാ സൂസനും പാലാ ജനറൽ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനും (എസ്.ടി.എൽ.എസ്) വയലിനിസ്റ്റുമായ കെ.എസ്. ശ്യാമും ചേർന്നാണ് ഈ അതിജീവന സംഗീതമൊരുക്കിയത്.
ശ്യാമിന്റെ ബന്ധുകൂടിയായ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ സന്ദീപാണ് ഗാനരചന നിർവഹിച്ചത്. ശ്യാമിന്റെ ഈണത്തിൽ ഡോ.മീരയുടെ പാട്ട് കോട്ടയത്തെ ഒരു സ്റ്റുഡിയോയിൽ റെക്കാർഡ് ചെയ്തു. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ അവതരിപ്പിച്ചു. സ്‌കൂൾ-കോളേജ് കലോത്സവങ്ങളിലെ മിന്നും പാട്ടുകാരിയായിരുന്ന ഡോ.മീര കാഞ്ഞിരപ്പള്ളി കോക്കാട്ടുമുണ്ടയിൽ കുടുംബാംഗമാണ്. ഭർത്താവ് ഡോ.വിക്ടർ ജോസ് കാരക്കോണം മെഡിക്കൽ കോളജിൽ സർജൻ. 3 വയസുകാരൻ ജോസ് മകൻ. രാമപുരം അമനകര കായത്തിൽ പറമ്പിൽ കുടുംബാംഗമായ ശ്യാം 10 വർഷമായി വയലിൻ വാദന രംഗത്തുണ്ട്. ഭാര്യ രാജലക്ഷ്മി. മകൾ 4 വയസുകാരി ശ്രിദ്ധ.

കൊവിഡിനെതിരെ പ്രവർത്തിക്കുന്ന സഹപ്രവർത്തകർക്കായി തങ്ങൾക്ക് ഈശ്വരൻ തന്ന കല കൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് തുടക്കം മുതൽ ചിന്തിച്ചിരുന്നു. അങ്ങനെയാണ് ഈ പാട്ട് പിറന്നത്. '
ഡോ.മീര, ശ്യാം