adhithi

ചങ്ങനാശേരി: അതിഥി തൊഴിലാളിയായി കേരളത്തിലെത്തിയവർക്ക് പിറന്ന കുഞ്ഞിന് അല്ലെങ്കിൽ മറ്റെന്തു പേരാണിടുക, "അതിഥി' എന്നല്ലാതെ!. പശ്ചിമബംഗാളിലെ മാൾഡയിൽ നിന്ന് ജോലിയ്ക്കായി എത്തിയ ഖദാൻ- സൈനൂർ ദമ്പതികൾക്ക് ഇന്നലെ രാവിലെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലാണ് ഒരു പൊന്നോമന പിറന്നത്. പഞ്ചായത്ത് അധികൃതരും രോഗ്യപ്രവർത്തകരും ചേർന്ന് അവൾക്ക് അതിഥി എന്ന് പേരിടുകയും ചെയ്തു.

താലൂക്കിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘത്തിന്റെ മ‌ടക്കയാത്ര തിങ്കളാഴ്ചയായിരുന്നു. ഇവരും നാട്ടിലേയ്ക്ക് മടങ്ങാൻ തയ്യാറെടുത്തുവെങ്കിലും പ്രസവ ദിനം അടുത്തതിനാൽ അതു വേണ്ടെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രാജൻ വിലക്കുകയായിരുന്നു. പ്രസവത്തിനുവേണ്ട സജ്ജീകരണം ഇവിടെ ഏർപ്പാടാക്കാമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പരിശോധനകൾക്കുശേഷം ചൊവ്വാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നല്കുകയും ചെയ്തു.

തങ്ങളുടെ നിർദേശപ്രകാരം ഇവിടെ തുടർന്ന ദമ്പതികളുടെ കുഞ്ഞിന് തങ്ങൾ പേരിടട്ടേ എന്ന് മാതാപിതാക്കളോട് പഞ്ചായത്ത് അധികൃതരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവർ ചോദിച്ചു. മാതാപിതാക്കൾ സന്തോഷത്തോടെ അതു സമ്മതിച്ചു. അതിഥി എന്ന പേര് നിശ്ചയിക്കുകയും ചെയ്തു.

അതിഥിയെക്കൂടാതെ ഏഴ് വയസ്സുള്ള ഷാഹിൻ, മൂന്ന് വയസ്സുള്ള റൂഹുൽ എന്നീ രണ്ട് ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്. മാടപ്പള്ളി പഞ്ചായത്തിലെ 15 -ാം വാർഡിൽ വാടകയ്ക്കാണ് ഇവർ കുടുംബസമേതം താമസിക്കുന്നത്. നാല് മാസം മുമ്പാണ് ഇവിടെ എത്തിയത്. സൈനൂറിന് മലയാളം അറിയില്ലെങ്കിലും ഖദാന് മലയാളം അറിയാം. യാത്ര ചെയ്യാറായാൽ നാട്ടിലേയ്ക്ക് മടങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം.