പാലാ : മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പാലാ മണ്ഡലത്തിലെ തോടുകളുടെ നവീകരണവും ആഴംകൂട്ടലും ശൂചീകരണവും പുരോഗമിക്കുന്നു. കടനാട് പഞ്ചായത്തിലെ പിഴക് കരിയിലത്തോട്, കൊല്ലപ്പള്ളിഏഴാച്ചേരി തോട്, കരൂർ, മുത്തോലി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന വള്ളീച്ചിറ-പുലിയന്നൂർ തോട്, മീനച്ചിൽ പഞ്ചായത്തിലെ പൊന്നൊഴുകും തോട് എന്നിവയുടെ നവീകരണമാണ് നടക്കുന്നത്.
മാണി സി.കാപ്പൻ എം.എൽ.എയുടെ ശ്രമഫലമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ. വർഷങ്ങളായി തോടുകളിൽ വന്നടിഞ്ഞിരിക്കുന്ന ചെളിയും എക്കലും മാലിന്യവും ജെ.സി.ബി ഉപയോഗിച്ച് നീക്കി തോടിനു ആഴം കൂട്ടുകയാണ്. പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് തോടിന് വീതി കൂട്ടുന്ന ജോലികളും നടക്കുന്നുണ്ട്. മണലേൽ പാലത്തിന് സമീപം സംരക്ഷണഭിത്തി നിർമാണം, മുത്താശേരി തടയണയടെ നവീകരണം എന്നിങ്ങനെ മൂന്നു പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ളാലംതോട്, മീനച്ചിൽ കുറ്റില്ലം തോട് എന്നിവയുടെ നവീകരണവും ഉടൻ ആരംഭിക്കും. തോടുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ വെള്ളപ്പൊക്കത്തെ ഒരു പരിധി വരെ തടയാനാകുമെന്നാണ് പ്രതീക്ഷ. നല്ല ഒരു മഴ പെയ്താൽ കൊല്ലപ്പള്ളി ടൗൺ വെള്ളത്തിലാകുന്ന സ്ഥിതിയായിരുന്നു.
അനുവദിച്ച തുക
കരിയിലത്തോട് : 16 ലക്ഷം
ഏഴാച്ചേരി തോട് : 14 ലക്ഷം
വള്ളീച്ചിറ-പുലിയന്നൂർ തോട് : 18 ലക്ഷം
തോടിന് ചുറ്റും രാമച്ചം
മീനച്ചിൽ പഞ്ചായത്തിലെ പൊന്നൊഴുകും തോടിന് ചുറ്റും രാമച്ചം വച്ചുപിടിപ്പിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണൽ കോരുന്നതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാണി സി.കാപ്പൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ കുറെ വർഷമായി മീനച്ചിലാറ്റിൽ മണൽവാരൽ ഇല്ല. വെള്ളപ്പൊക്കത്തിലും അല്ലാതെയുമായി അഞ്ച് അടിയോളം ഉയരത്തിൽ മീനച്ചിലാറ്റിൽ മണൽ വന്നടിഞ്ഞിട്ടുണ്ട്. മണൽവാരി നീക്കിയിൽ വെള്ളപ്പൊക്കത്തെ തടയാനാകും.