കോട്ടയം: ജില്ലയിൽ മൂന്നു പേർക്ക് കൂടി കൊവിഡ‌് . ഒമ്പതിന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ ഒരാൾക്കും 11ന് ദുബായ്-കൊച്ചി വിമാനത്തിൽ എത്തിയ രണ്ടു പേർക്കുമാണ് രോഗം ബാധിച്ചത്. മൂവരും കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

മൂന്നു പേർക്കും കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. രോഗം സ്ഥീരീകരിച്ച് അമ്മയ്‌ക്കൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്റെ രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായി. നിലവിൽ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കൽ കോളേജിലുണ്ട്.

11ന് ദുബായ്-കൊച്ചി വിമാനത്തിൽ എത്തിയ മാങ്ങാനം സ്വദേശിനി (83) കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിച്ചുവരികയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഭർത്താവിന്റെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്ന് വീട്ടിലെത്തി ക്വാറന്റൈനിൽ തുടരുന്നു. മകനെയും കുടുംബത്തെയും സന്ദർശിക്കാനാണ് ഇവർ ദുബായിൽ പോയത്. ഇതേ വിമാനത്തിൽ വന്ന തൃക്കൊടിത്താനം സ്വദേശി (42)യും ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ നീണ്ടൂർ സ്വദേശി (31)യുമാണ് മറ്റു രണ്ടുപേർ. വിമാനത്തിലെത്തിയ ഉഴവൂർ സ്വദേശിനിയും യുവതി രോഗം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.