വൈക്കം : കാറ്റ് കലി തീർത്ത ക്ഷേത്രനഗരി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് അപ്രതീക്ഷിതമായി നഗരത്തിലും സമീപ പഞ്ചായത്തുകളിലും നാശം വിതച്ച് കാറ്റ് കടന്നു പോയത്. പ്രളയത്തിന് പോലും തൊടാൻ കഴിയാതിരുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഓടുകൾ കാറ്റിൽ നിലംപതിച്ചു. ക്ഷേത്രത്തിന്റെയും അനുബന്ധ കെട്ടിടങ്ങളുടേയും മേൽക്കൂരക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. പ്രദേശത്തെ നൂറിലധികം വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണു. റോഡുകളിലും വ്യാപകമായി മരങ്ങൾ വീണു. വൈദ്യുതി പോസ്റ്റുകൾ എൽ.ടി ലൈനുകളിൽ 150 എണ്ണമാണ് മറിഞ്ഞത്. 11 കെവി ലൈനിൽ 27 പോസ്റ്റുകൾ ഒടിഞ്ഞു വീണു. 1500 ലധികം ഇടങ്ങളിൽ ലൈനുകൾ പൊട്ടിവീണു. നാനൂറിൽ പരം മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് മാത്രം വീണു. ഒരു ട്രാൻസ്‌ഫോർമറും തകർന്നു. ഒരാഴ്ചകൊണ്ട് പോലും വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവില്ലെന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ. പക്ഷേ കെഎസ്ഇബി എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. നഗരഹൃദയത്തിൽ ട്രാൻസ്‌ഫോർമർ ഉൾപ്പെടെ തകർന്നിട്ടും താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നതടക്കം പ്രധാന കേന്ദ്രങ്ങളിൽ ആദ്യ ദിവസം തന്നെ വൈദ്യുതി എത്തിച്ചു. ഇന്നലെ വരെ 150ലധികം പോസ്റ്റുകൾ മാറി പുതിയവ സ്ഥാപിച്ചു. 500 നടുത്ത് വീടുകൾക്ക് മാത്രമാണ് വൈദ്യുതി എത്താൻ ഇനി ബാക്കിയുള്ളത്. അത് ഇന്ന് പൂർത്തിയാകും. വൈക്കം ഫയർഫോഴ്‌സും അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിച്ചു. മഹാദേവ ക്ഷേത്രത്തിൽ നാശം സംഭവച്ച തിടപ്പള്ളിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഇന്ന് വലിയടുക്കളയുടെ പണികളാണ് നടക്കുക.

ചുഴലിക്കാറ്റിൽ നഗരത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. വടക്കേനട ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലടക്കം ഹയർ സെക്കന്ററി, എസ്.എസ്.എൽ.സി പരീക്ഷകൾ നടക്കേണ്ട സെന്ററുകളിലും നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ അവയെല്ലാം ദ്രുതഗതിയിൽ പരിഹരിച്ചു വരികയാണ്. കാലവർഷം മുന്നിൽ കണ്ട് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നടപടി സ്വീകരിക്കും.
ബിജു വി. കണ്ണേഴത്ത്
(നഗരസഭ ചെയർമാൻ)