കോട്ടയം : റബർ വെട്ടാനും വാങ്ങാനും ആളില്ലാതായതോടെ റബർ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി. കൊവിഡ് കാല സാമ്പത്തിക ബുദ്ധിമുട്ടിന് പിറകെ പുതിയ അദ്ധ്യയന വർഷവും ആരംഭിക്കാനിരിക്കെ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പതിനായിരക്കണക്കിന് ചെറുകിട കർഷകരും ടാപ്പിംഗ് തൊഴിലാളികളും.

ഒരു കിലോ റബറിന് 110 -115 രൂപയാണ് വില. മാർച്ച് 15 ന് റബർ കടകൾ അടച്ചതാണ്. കഴിഞ്ഞ ദിവസം തുറന്നെങ്കിലും കച്ചവടം സജീവമായിട്ടില്ല. മഴയെത്തിയതോടെ ടാപ്പ് ചെയ്യണമെങ്കിൽ റെയിൻഗാർഡ് വേണം. ഒരു മരത്തിന് ഉപയോഗിക്കുന്നതിന് 20 രൂപയാകും. പ്ലാസിറ്റിക് പാവാടയ്ക്ക് 35 രൂപയും. ഇതിന് പണം മുടക്കാനില്ലാത്തതിനാൽ ടാപ്പ് ചെയ്യാനാവാത്ത ഗതികേടിലാണ് കർഷകർ. സാധാരണ മഴക്കാലത്ത് റബറിന് ഡിമാൻഡ് കൂടി വില വർദ്ധിക്കേണ്ടതാണ്. ചൈനയടക്കം പ്രധാന റബർ ഉത്പാദന വിപണന രാജ്യങ്ങളെ കൊവിഡ് പിടികൂടിയത് ലോകവിപണി തകർത്തു. ഇതോടെ റബർ വില വില കൂപ്പുകുത്തി.

എട്ടുമാസമായി സബ്സിഡിയുമില്ല

പത്തു ലക്ഷത്തോളം ചെറുകിട കർഷകരും രണ്ടര ലക്ഷത്തോളം ടാപ്പിംഗ് തൊഴിലാളികളുമാണ് റബർ മേഖലയിലുള്ളത്. റബർ പാക്കേജ് പദ്ധതിയിൽ 150 രൂപ വിപണി വിലവച്ച് ഇപ്പോൾ ഒരു കിലോയ്ക്ക് 35-40 രൂപ വരെ സർക്കാർ സബ്സിഡി നൽകേണ്ടതാണ്. എട്ടുമാസമായി ഇതും കിട്ടുന്നില്ല.

നിസഹായരായി റബർബോർഡും

പ്രതിസന്ധി പരിഹരിക്കാൻ റബർബോർഡ് ഇടപെടണമെന്ന ആവശ്യം ശക്തമായതോടെ വിപണിയിൽ ഇറങ്ങിയ റബർ ബോർഡ് ഇന്ത്യയിലെ മൊത്തം കച്ചവടക്കാരിൽ നിന്ന് 100 ടൺ റബർ സംഭരിച്ചു. കിലോയ്ക്ക് 100 രൂപ വച്ച് ലോട്ട് റബർ സംഭരിച്ചെങ്കിലും കാര്യമായ പ്രയോജനം കേരള വിപണിയിൽ ഉണ്ടാക്കാൻ ബോർഡിനും കഴിഞ്ഞില്ല.

ഇതുപോലൊരു പ്രതിസന്ധി റബർ മേഖലയിൽ ഉണ്ടായിട്ടില്ല. കർഷകർക്ക് പ്രയോജനമില്ലെങ്കിൽ കച്ചവടക്കാർക്കോ വൻകിട കമ്പനികൾക്കോ ഗുണം ലഭിക്കുമായിരുന്നു. ഇപ്പോൾ എല്ലാവരും ഒരു പോലെ ബുദ്ധിമുട്ടിലായി. റബർ കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്നഭീതിയിലാണ് കർഷകർ.

തോമസ് ജേക്കബ്, റബർ കർഷകൻ