കോട്ടയം : മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ സ്‌കൂളുകളിൽ തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലുകളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുന്നത്. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, ശൗചാലയങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കി.
കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട ഇടങ്ങളിൽ പരീക്ഷ നടത്താനാവില്ലാത്തതിനാൽ വേറെ പരീക്ഷാകേന്ദ്രം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
വിദ്യാർത്ഥികളുടെ എണ്ണത്തിലും മാറ്റം
മറ്റു ജില്ലകളിലെ സ്‌കൂളുകളിൽ പഠിച്ചിരുന്ന കോട്ടയംകാരായ വിദ്യാർത്ഥികൾ പലരും സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും മാറ്റം വരും.
ഒരു ക്ലാസ് മുറിയിൽ 20 പേർ
20 കുട്ടികൾക്കേ ഒരു ക്ലാസിൽ ഇരിക്കാൻ പറ്റൂ. അതിനാൽ പരീക്ഷാ നടത്തിപ്പിന് ചില സ്‌കൂളുകളിൽ കൂടുതൽ ക്ലാസ് മുറികൾ വേണ്ടിവരും. പരീക്ഷാ നിരീക്ഷകരുടെ (ഇൻവിജിലേറ്റർ) എണ്ണവും മുറികൾക്കനുസരിച്ച് കൂടും.
10-ാം ക്ളാസ് പരീക്ഷ എഴുതിയത്: 23194
പ്ളസ് ടു പരീക്ഷ എഴുതിയത്: 19902
മുൻകരുതൽ നിർദ്ദേശങ്ങൾ സ്‌കൂളിൽ പ്രദർശിപ്പിക്കും
കുട്ടികൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണം
വാഹനസൗകര്യമില്ലെങ്കിൽ യാത്രാസൗകര്യം ഒരുക്കും
ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാവില്ല
''ജില്ലയിൽ പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. രജിസ്ട്രേഷൻ പൂർത്തിയായാൽ പരീക്ഷ എഴുതുന്നുവരുടെ എണ്ണം വ്യക്താകും.
വിദ്യാഭ്യാസ വകുപ്പ് അധികൃതർ