sugunan

തലയോലപ്പറമ്പ് : ലോക്ക്ഡൗണിൽ നാട് മുഴുവൻ നിശ്ചലമായപ്പോൾ തളർന്ന ശരീരവും തളരാത്ത മനസുമായി പ്രതിസന്ധികളെ നേരിട്ട ഒരു മനുഷ്യൻ മേവെള്ളൂരിലുണ്ട്. നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ മേവെള്ളൂരിന്റെ സ്വന്തം ഹീറോ സുഗുണൻ. മനക്കരുത്തിന്റെ നേർസാക്ഷ്യമെന്ന് 57 കാരനായ സുഗുണനെ വിശേഷിപ്പിക്കാം. മേവെള്ളൂർ പമ്പ് ഹൗസ് ജംഗ്ഷന് സമീപം താമസിക്കുന്ന കളരിക്കൽ വീട്ടിൽ സുഗുണൻ അംഗ പരിമിതനാണ്. 55 വർഷം മുമ്പ് പോളിയോ സുഗുണന്റെ ശരീരത്തെ തളർത്തിയെങ്കിലും തളരാത്ത മനസുമായി ഈ ലോക്ക്ഡൗൺ കാലം മുഴുവൻ ജോലി ചെയ്തു. സൈക്കിൾ വർക്ക്‌ഷോപ്പ് ഉടമയായ സൂഗുണൻ ലോക്ക്ഡൗണിലും തന്റെ ജോലിയിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയാറല്ല. അരയ്ക്ക് താഴെ തളർന്നിട്ടും വർക്ക്ഷോപ്പിലെ ജോലി ചെയ്യാൻ പരസഹായം വേണ്ട. സമീപത്തെ വർക്ക്ഷോപ്പ് ഉടമകൾ പോലും സുഗുണന്റെ സഹായം തേടിയെത്തുന്ന സന്ദർഭങ്ങളുമുണ്ട്. സൈക്കിളിന് പുറമേ സ്കൂട്ടറിന്റെ ഉൾപ്പെടെ തകരാർ പരിഹരിക്കാനും വിദഗ്ദ്ധനാണ്. . തങ്കപ്പന്റേയും, പരേതയായ സരസുവിന്റെയും 4 മക്കളിൽ മൂത്തയാളാണ് സുഗുണൻ. അവിവാഹിതനാണ്. അച്ഛന്റെയും മ​റ്റ് മൂന്ന് സഹോദരങ്ങളുടെയും കൂടെയാണ് സുഗുണൻ കഴിയുന്നത്.