ഒരാൾ മരിച്ചു; മറ്റൊരാൾക്കു രോഗബാധ

കോട്ടയം: കൊവിഡ് 19 ന് പിന്നാലെ തിരുവാർപ്പ് പഞ്ചായത്തിൽ ആശങ്ക സൃഷ്ടിച്ച് എലിപ്പനി. തിരുവാർപ്പ് പഞ്ചായത്ത് ഒന്നാം വാർഡിലാണ് ഇപ്പോൾ എലിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഒരാൾ മരിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്‌ത ചെങ്ങളം ഉൾപ്പെടുന്നതാണ് തിരുവാർപ്പ് പഞ്ചായത്ത്. ഇവിടെയാണ് നാലു ദിവസത്തിനിടെ രണ്ടു പേർക്ക് എലിപ്പനി ബാധിച്ചത്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നിരവധി പാടശേഖരങ്ങളുണ്ട്. ഈ പാടശേഖരങ്ങളിൽ നിന്നുള്ള മലിന ജലം, മഴയിൽ സമീപത്തെ കിണറുകളിലേയ്‌ക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്തെ കുളങ്ങളും പാടശേഖരങ്ങളും ഉൾപ്പെടെ വൃത്തിയാക്കാനും ക്ലോറിനേഷൻ നടത്താനും നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ചികിത്സ തേടി

പ്രദേശത്ത് ചിലർക്ക് എലിപ്പനി ലക്ഷണങ്ങൾ ഉള്ളതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, ജില്ലാ ജനറൽ ആശുപത്രികളും സ്വകാര്യ ആശുപത്രിയിലും നിരവധി ആളുകൾ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്.

പ്രവർത്തനം ഊർജിതമാക്കി

കൊവിഡ് 19 ന് പിന്നാലെ തിരുവാർപ്പിൽ എലിപ്പനി പടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിന് മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. കർശന ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഡോ.ജേക്കബ് വർഗീസ്

ജില്ലാ മെഡിക്കൽ ഓഫിസർ