കോട്ടയം : കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് യു.പി.എ യോഗത്തിൽ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്. ലോക്ക്ഡൗണിനെത്തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകർച്ചയാണ് കാർഷിക മേഖല നേരിടുന്നത്. കേന്ദ്രസർക്കാരിന്റെ പാക്കേജ് കടക്കെണിയിലായ കർഷകന്റെ മുന്നിൽ കൂടുതൽ കടമെടുക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്ത ഇന്ത്യയിലെ മുഴുവൻ കുടുംബങ്ങൾക്കും വരുന്ന മൂന്ന് മാസത്തേക്ക് പ്രതിമാസം പതിനായിരം രൂപയും സൗജന്യ ഭക്ഷ്യധാന്യനും നൽകണം. റബർ ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ തനത് വിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാൻ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.