വഴിയാത്രക്കാർക്ക് ഭീഷണിയായി തേക്കുമരം

കുരുവിക്കൂട്: കുരുവിക്കൂട് കാണിക്കമണ്ഡപം റോഡിലേക്ക് കടന്നാൽ മനസാകെ ഭീതിയാണ്. നടപ്പ് ഒഴിവാക്കി വഴിയാത്രക്കാർ ഓടണമെന്നതാണ് അവസ്ഥ. റോഡരികിലെ കൂറ്റൻ തേക്ക് മരമാണ് ഇവരുടെയെല്ലാം മനസിലെ പേടിസ്വപ്നം. തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ഭൂമിയിലെ കൂറ്റൻ തേക്കുമരമാണ് വഴിയാത്രക്കാർക്കും സമീപത്തെ വീടുകൾക്കും ഒരുപോലെ ഭീഷണിയുയർത്തുന്നത്. ഉരുളികുന്നം പുലിയന്നൂർക്കാട് ധർമ്മശാസ്താ ക്ഷേത്രഭൂമിയുടെ ഭാഗമാണ് ഈ സ്ഥലം. മരത്തിന്റെ ചുവട്ടിലുള്ള മണ്ണിടിഞ്ഞ് വേരുകൾ തെളിഞ്ഞതോടെ തേക്ക് ഏതു സമയവും നിലംപൊത്താം എന്നതാണ് അവസ്ഥ.

എന്തിന് കാത്തുനിൽക്കണം

ദേവസ്വം ഭൂമിയിൽ പാലാപൊൻകുന്നം റോഡിന്റെ വശത്താണ് തേക്ക് സ്ഥിതി ചെയ്യുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനൊപ്പം ഉരുളികുന്നം എസ്.ഡി.എൽ.പി.സ്‌കൂൾ, എലിക്കുളം എം.ജി.എം.യു.പി.സ്‌കൂൾ എന്നീ സ്‌കൂളിലേക്കുള്ള കുട്ടികളുടെ സഞ്ചാരപാതയും ഇതാണ്. റോഡിന്റെ മറുഭാഗത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്.

പരാതി പറഞ്ഞു, പക്ഷേ...

അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിനീക്കണമെന്നാവശ്യപ്പെട്ട് പലതവണ ദേവസ്വം അധികൃതരെ പരാതി അറിയിച്ചതായി നാട്ടുകാർ പറയുന്നു. കാലവർഷം തുടങ്ങുന്നതിനുമുമ്പ് വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് വീവൺ റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സെക്രട്ടറി മാത്യൂസ് പെരുമനങ്ങാട്ട്, ജഗദീഷ് നടയ്ക്കൽ, അനിൽകുമാർ മഞ്ചക്കുഴിയിൽ, ജോയി മാമ്പഴക്കുന്നേൽ, മോഹനൻ വളവനാനിയ്ക്കൽ എന്നിവർ സംസാരിച്ചു.