തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് കോൺവന്റിലെ കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യയുടെ (21) മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച് അടുത്തദിവസം തന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചേക്കും. ലോക്കൽ പൊലീസ് അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ചും കേസ് അന്വേഷണം നടത്തിവരികയായിരുന്നു. എറണാകുളം മധ്യമേഖല ക്രൈംബ്രാഞ്ച് ഐ.ജി സംഭവസ്ഥലത്ത് എത്തി നേരത്തെതന്നെ അന്വേഷണം നടത്തിയിരുന്നു.
മെയ് ഏഴിന് ഉച്ചയ്ക്ക് 12ഓടെയാണ് കോൺവന്റ് അങ്കണത്തിലെ കിണറ്റിൽ ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് വിട്ടുകൊടുക്കാൻ ആഭ്യന്ത്രര മന്ത്രാലയം തയാറായതെന്നാണ് അറിയുന്നത്.
27 വർഷം മുമ്പ് കോട്ടയം പയസ്ടെന്റ് കോൺവെന്റിൽ ദുരൂഹ സാഹചര്യത്തിൽ കന്യസ്ത്രീ അഭയ മരിച്ച കേസ് ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിലാണ്. ഈ കേസ് പൊതുജന മദ്ധ്യേ ഉയർത്തിയ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ദിവ്യയുടെ മരണത്തിലും വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഭയയുടെ ജഡം കണ്ടെത്തിയതും കോൺവെന്റിലെ കിണറ്റിലായിരുന്നു.
തിരുവല്ല ഡിവൈ.എസ്.പി പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിവ്യയുടെ ദുരൂഹമരണം അന്വേഷിക്കുന്നത്. മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോർട്ട റിപ്പോർട്ട്. ശരീരത്തിലുള്ള ചെറിയ മുറിവുകൾ വീഴ്ചയിൽ സംഭവിച്ചതാണെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ദിവ്യ അകപ്പെട്ട കിണറിന്റെ ഇരുമ്പിലുള്ള മൂടി മാറ്റി വച്ചിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ആത്മഹത്യ ആകാനുള്ള സാദ്ധ്യതയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചുങ്കപ്പാറ തടത്തേൽമലയിൽ പള്ളിക്കാപറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ് ദിവ്യ പി.ജോൺ. ആറു വർഷം മുമ്പ് മഠത്തിൽ ചേർന്ന ദിവ്യ ഈ വർഷം നിത്യവ്രതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.