കോട്ടയം: മണർകാട് പഞ്ചായത്തിൽ പരക്കെ അഴിമതി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ രേഖകൾ പിടിച്ചെടുത്തു. നെൽപ്പാടത്ത് കെട്ടിടസമുച്ഛയം നിർമിക്കാൻ വ്യാജ സർവ്വേ നമ്പറിൽ അനുമതി നല്കിയ ഫയലും പിടിച്ചെടുത്തിട്ടുണ്ട്. വ്യാപകമായി സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ റെയ്‌ഡ് നടത്തിയത്. മണർകാട് ബൈപാസ് നിർമ്മാണ ഫയലും പഞ്ചായത്തിലെ വിവിധ നവീകരണ പ്രവർത്തനങ്ങളുടെ ഫയലുകളും വിജിലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സർവ്വേ നമ്പറുകളിൽ തിരിമറി നടത്തിയത് സംബന്ധിച്ച അന്വേഷണത്തിന് റവന്യു രേഖകൾ വിജിലൻസ് പരിശോധിച്ചുവരികയാണ്. വിജിലൻസ് സി.ഐ രാജൻ കെ.അരമന, എ.എസ്.ഐ മാരായ തോമസ്, പ്രസാദ്, ഷമീർ എന്നിവരും റെയ്ഡിനെത്തിയിരുന്നു.