കോട്ടയം: മുടി വെട്ടാൻ തിരുനക്കരയിലെ 'ന്യൂഫാഷൻ ബാർബർ ഷോപ്പിലേയ്ക്കാണോ?. എങ്കിൽ പലരും ഉപയോഗിച്ച തുണി വീണ്ടും പുതപ്പിക്കുമെന്ന പേടിയാൽ വീട്ടിൽ നിന്ന് തോർത്തുമായി പോകേണ്ടതില്ല . കൊവിഡിനെ പ്രതിരോധിക്കാൻ ഡിസ്പോസിബിൾ മുണ്ട് ബാർബർ ഉണ്ണി കരുതിയിട്ടുണ്ടാവും.

അലക്കി തേച്ചു മടക്കിവെച്ച തുണിയാണ് ഓരോരുത്തർക്കും ഉപയോഗിക്കുന്നത് . അതല്ല, പുതിയത് വേണമെന്നുണ്ടെങ്കിൽ നേർത്ത മേൽ മുണ്ട് റെഡി .15 രൂപയേ അധികം വരൂ. ഉപയോഗിച്ച ശേഷം വീട്ടിൽ കൊണ്ടു പോകാം. കഴുകിഎടുത്താൽ വീണ്ടും ഉപയോഗിക്കാം. മുടിയും താടിയും വെട്ടി ഒതുക്കിയ ശേഷം തുടക്കാൻ ‌ടിഷ്യൂ പേപ്പറുമുണ്ട്. മുഖാവരണവും കൈയ്യിൽ ഗ്ളൗസും ധരിക്കുന്ന ഉണ്ണി മുടി വെട്ടിന് ശേഷവും കത്രികയും മെഷിനും അണുവിമുക്തമാക്കുകയും ചെയ്യും. ബാർബർ ഷാപ്പിൽ വരുന്നവർക്കായി സാനിറ്റൈസറും വച്ചിട്ടുണ്ട്.

പലരും കയറിയിറങ്ങുന്ന ബാർബർ ഷോപ്പിൽ കൊവിഡ് കാലത്ത് മുടിവെട്ടാനും താടിവടിക്കാനുമുള്ള പേടി പലർക്കും ഇനിയും മാറിയിട്ടില്ല. ഒരാൾ ഉപയോഗിച്ച മേൽമുണ്ട് പുതച്ച് മുടിവെട്ടേണ്ടി വരുന്നതായിരുന്നു പ്രധാന പ്രശ്നം. ഡിസ്പോസിബിൾ മേൽ മുണ്ടും സ്പോഞ്ച് പേപ്പറുമിറക്കിയതോടെ ബാർബർ ഉണ്ണിയുടെ ന്യൂ ഫാഷനും ക്ലിക്ക് ആയി.

തിരുനക്കരയിൽ അച്ഛൻ നടത്തിവന്ന ബാർബർഷോപ്പിൽ ആറു പതിറ്റാണ്ടായി ഉണ്ണി യും പത്തുവർഷത്തിലേറെയായി മകനുമുണ്ട്. രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പ്രമുഖർ ഉണ്ണിയെതേടി എത്തുന്നു. കൊവിഡ് കാലത്ത് കട അടഞ്ഞു കിടന്നപ്പോൾ ഫോൺ ബുക്കിംഗിലൂടെ കുടമാളൂർ പുളിംചുവടിന് സമീപമുള്ള ഉണ്ണിയുടെ വീട് തേടി പതിവുകാർ എത്തിയിരുന്നു.