കോട്ടയം: അടുത്തമാസത്തോടെ ഓൺലൈൻ പഠനത്തിന് സർക്കാർ തയ്യാറെടുക്കുമ്പോൾ ജില്ലയിൽ ടിവി, സ്മാർട് ഫോൺ, കംപ്യൂട്ടർ, ഇന്റർനെററ് സൗകര്യമില്ലാത്ത 8,000 കുട്ടികളുണ്ടെന്ന് ബ്ളോക്ക് റിസോഴ്സ് സെന്ററുകൾ നടത്തിയ പ്രാഥമിക സർവേയിൽ വ്യക്തമായി.
രണ്ട് മുതൽ പത്തുവരെ ഒന്നര ലക്ഷത്തിന് മുകളിൽ കുട്ടികളുണ്ട്. ഒന്നാം ക്ളാസിലെയും പ്ളസ് വണ്ണിലെയും പ്രവേശനം കഴിയുന്നതോടെ ഇത് കൂടും. ഇന്റർനെറ്റ് സൗകര്യമില്ലാത്തവരുടെ ക്ലാസ് തിരിച്ചുള്ള കണക്ക് അടങ്ങിയ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഓരോ ക്ലാസിനും വിദ്യാഭ്യാസ ചാനൽ തുടങ്ങാനുള്ള നിർദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.
ഓൺലൈൻ വഴി പഠിപ്പിക്കുമ്പോൾ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ടി വരും. പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ ഒരുക്കണം. പാഠഭാഗങ്ങൾ കുട്ടികൾ മനസിലാക്കിയെന്നു ഉറപ്പു വരുത്തേണ്ടത് അദ്ധ്യാപകരാണ്. ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ മറ്റുള്ള കുട്ടികൾക്കൊപ്പം പഠിപ്പിക്കാൻ കഴിയുമോ എന്ന സാദ്ധ്യതയാണ് പരിശോധിക്കുന്നത്.
നെറ്റ് വർക്കാണ് പ്രശ്നം
ഓൺലൈൻ പഠനം വരുമ്പോൾ നെറ്റ് കണക്ഷനെ സംബന്ധിച്ച് പരാതികൾ മാത്രമാണുള്ളത്. ടിവി കേബിൾ എല്ലായിടത്തും എത്തുന്നുണ്ടെങ്കിലും ഇന്റർനെറ്റ് ലഭ്യതയിൽ ഗ്രാമീണ മേഖലയിൽ ജില്ല പിന്നിലാണ്. മൊബൈൽ ഫോണിനു കവറേജ് കിട്ടാത്ത സ്ഥലങ്ങൾ പോലുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ 5 ലക്ഷം. ഇപ്പോഴും ടു ജിയിലും ത്രി ജിയിലുമാണ് ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക്. നഗരമേഖലകളിൽ നെറ്റ് വർക്ക് പ്രശ്നങ്ങളില്ലെങ്കിലും ഹൈറേഞ്ച് റൂറൽ മേഖലകളിൽ നെറ്റ് വലിച്ചിലാണ്.
ബദൽ മാർഗം
ഇന്റർനെറ്റ് സംവിധാനമില്ലാത്ത വിദ്യാർത്ഥികളെ സമീപമുള്ള വായനശാലകൾ, പഞ്ചായത്ത് ഹാളുകൾ മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് മാർഗനിർദേശം പാലിച്ച് എത്തിച്ച് ക്ളാസുകളിൽ പങ്കെടുപ്പിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ ഉടൻയോഗം ചേരുന്നുണ്ട്''
ഇന്റർനെറ്റ്
സൗകര്യമില്ലാതെ
8000 കുട്ടികൾ
ആശങ്കകൾ
ഹൈറേഞ്ച് മേഖലകളിൽ നെറ്റ്സൗകര്യമില്ല
മഴക്കാലമായാൽ വൈദ്യുതി മുടക്കം പതിവ്
പിന്നാക്കം നിൽക്കുന്നവർക്ക് ശ്രദ്ധകിട്ടില്ല