വൈക്കം : ചിലർ മൂക്കുപൊത്തിയോടും, ചിലരാകട്ടെ ശാപവാക്കുകൾ ചൊരിയും... ഒന്നു വന്നവർ പിന്നീട് ഈവഴിക്ക് വരില്ല. വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏക ശൗചാലയം ബാക്കിവെയ്ക്കുന്നത് ദുരിതം മാത്രം. കൊവിഡ് പ്രതിരോധത്തിനായി മുന്നിട്ടിറങ്ങിയ നഗരസഭ അധികൃതർക്ക് ശൗചാലയം വൃത്തിയാക്കാൻ മാത്രം നേരമില്ല. പടിഞ്ഞാറെനടയിൽ അന്ധകാര തോടിനു സമീപമാണ് നഗരസഭയുടെ ശൗചാലയം. വൃത്തിഹീനമെങ്കിലും ശൗചാലയത്തിനായി ലക്ഷങ്ങൾ മുടക്കിയെന്നാണ് നഗരസഭയുടെ വാദം. നഗരത്തിൽ വന്നുപോകുന്നവരും നുറുകണക്കിന് വ്യാപാരികളും നഗരസഭാ ശൗചാലയത്തെയാണ് ആശ്രയിക്കുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്ന രണ്ട് മുറികളാണിവിടെയുള്ളത്. ടാങ്ക് സ്ഥാപിച്ചായിരുന്നു വെള്ളമെത്തിച്ചിരുന്നത്. എന്നാൽ പ്രവർത്തനം തുടങ്ങി ആഴ്ചകൾക്കകം വെള്ളം നിലച്ചു.ഇതോടെയാണ് ശൗചാലയത്തിൽ നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയത്.
വലിയ രോഗസാധ്യത
ദുരിതവും ദുർഗന്ധവുമെങ്കിലും നൂറുകണക്കിനാളുകൾ ഇപ്പോഴും ശൗചാലയം ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ രോഗസാധ്യതയാണ് ഉയർത്തുന്നത്.ഇതിനിടെ ചിലർ പൈപ്പുകളടക്കം തകർത്തിട്ടുണ്ട്. എന്നിട്ടും നഗരസഭാധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. നിലവിൽ വൈക്കം ക്ഷേത്രത്തിന്റെതായും കെ.എസ്.ആർ ടി.സിയിലും മാത്രമാണ് വേറെ ശൗചാലയമുള്ളത്. ഇതാകട്ടെ പണം നൽകി ഉപയോഗിക്കണം. കൊവിഡ് നിയന്ത്റണങ്ങൾ മൂലം ഇവ അടച്ചിട്ടതോടെ നഗരസഭ ശൗചാലയം മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. ശൗചാലയത്തിന്റെ ശോച്യാവസ്ഥ നഗരസഭാ ചെയർമാനെയും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനെയും ഉൾപ്പെടെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.