കോട്ടയം: ക്ഷേത്രങ്ങളിൽ പൂജ ചടങ്ങിന് മാത്രമായി. വിവാഹങ്ങൾ കൂട്ടത്തോടെ മാറ്റിവച്ചു. മരണച്ചടങ്ങുകൾക്ക് നിയന്ത്രണവും. രണ്ട് മാസത്തിലേറെയായി പൂ വിപണി വാടിക്കിടക്കുന്നു. അവശ്യസർവീസിൽപ്പെടാത്തതിനാൽ പൂക്കൾ എത്തുന്നുമില്ല.

ഉത്സവങ്ങളും കല്യാണങ്ങളും മാറ്റിവച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ഓഡിറ്റോറിയവും വേദിയുമൊക്കെ ഒരുക്കാൻ വിവാഹ ആവശ്യങ്ങൾക്കാണ് പൂക്കൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. കൊവിഡ് നിയന്ത്രണം മൂലം ഇത്തരം ആർഭാടങ്ങളൊക്കെ ഒഴിവാക്കി. മരണ വീടുകളിൽ പോകുന്നവർ മൃതദേഹങ്ങളിൽ അർപ്പിക്കാൻ പൂക്കൾ കൈകളിൽ കരുതിയിരുന്നു. മരണ വീടുകളിൽ എത്തുന്നതിന് നിയന്ത്രണമായതോടെ എല്ലാവരും വേഗം ആദരാഞ്ജലി അർപ്പിച്ചു മടങ്ങുകയാണ്. ക്ഷേത്രങ്ങളിലും പൂക്കൾ വാങ്ങേണ്ടി വരുന്നില്ല. ഭക്തർക്ക് പ്രവേശനം ഇല്ലാത്തതിനാൽ പൂജയ്ക്ക് ക്ഷേത്രങ്ങളുടെ ചുറ്റുവട്ടത്തുള്ള പൂക്കൾ ധാരാളമാണ്. വഴിപാടുകളില്ലാത്തതിനാൽ ചാർത്താനുള്ള മാലയടക്കമുള്ളവയ്ക്കും ഡിമാൻഡില്ല. ഇതെല്ലാം പൂക്കടക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കല്യാണമാല,​ റീത്ത് എന്നിവയ്ക്കും ആവശ്യക്കാരില്ല. പലകടക്കാരും സ്റ്റാഫിനോട് എത്തേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

തേനിയിൽ നിന്ന് പൂക്കളെത്തുന്നില്ല. നാഗ‌ർകോവിൽ നിന്ന് ട്രെയിൻ മുഖേന ചില വ്യാപാരികൾ പൂക്കൾ എത്തിക്കുന്നുണ്ടെങ്കിലും കാര്യമായ ഡിമാൻഡില്ല. ലോക്ക് ഡൗണായതോടെ പാടങ്ങളിൽ പൂക്കൾ നുള്ളാനും പണിക്കാർ എത്തുന്നില്ല. പൂപ്പാടങ്ങൾ കൂട്ടത്തോടെ നശിച്ചും പോയി. ജില്ലയിലെ കടകളിലേക്ക് ബന്ധപ്പെട്ട് ഓർഡർ എടുക്കാനും ഇപ്പോൾ ഏജന്റുമാർ വിളിക്കുന്നില്ല. പൂക്കളുടെ വില കൂടിയിട്ടില്ലെങ്കിലും ട്രാൻസ്‌പോർട്ടിംഗ് നിരക്ക് വർദ്ധിച്ചിട്ടുണ്ട്.

'' തമിഴ്നാട്ടിൽ പൂപ്പാടങ്ങൾ കൂട്ടത്തോടെ നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇത് തിരിച്ചുപിടിക്കാൻ ലോക്ക്ഡൗണിന് ശേഷം പൂക്കൾക്ക് വിലകൂടുമെന്നുറപ്പാണ്. പൂക്കളുടെ ദൗർലഭ്യംകൂടിയാകുമ്പോൾ വിലകൂട്ടാതെ പറ്റില്ല'

- ശബരി, പൂക്കടക്കാരൻ

 അന്യസംസ്ഥാനങ്ങളിൽനിന്ന് പൂക്കളുടെ വരവ് നിലച്ചു

 ക്ഷേത്രങ്ങളിലേയ്ക്കുള്ള പൂവിന്റെ ആവശ്യ കുറഞ്ഞു

 കടകളുടെ നടത്തിപ്പ് ചെലവിന് പോലുമുള്ള കച്ചവടമില്ല

 നഷ്ടമായത് സീസൺ, വിവാഹങ്ങൾ മാറ്റിയതും തിരിച്ചടി