കോട്ടയം: ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്താനുള്ള തയ്യാറെടുപ്പുകളായി. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എൻ.എസ്.എസ് , എസ്.എസ്.കെ എന്നിവയുടെ നേതൃത്വത്തിൽ 1,30,000 മാസ്‌കുകൾ വിതരണത്തിനു തയ്യാറാക്കി.

കൂടാതെ വിദ്യാർത്ഥികളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കരുതൽ മാർഗ നിർദ്ദേശങ്ങൾ പ്രത്യേകം പ്രിന്റ് ചെയ്തു നൽകുന്നു. ജില്ലയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ ക്വാറന്റൈൻ സെന്ററുകളായി പ്രവർത്തിച്ചിരുന്നു. ആ സെന്ററുകളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. കോരുത്തോട് പഞ്ചായത്തിലെ കണ്ടൈൻമെന്റ് സോണുകളിലുള്ള അദ്ധ്യാപകർക്കും കുട്ടികൾക്കും ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിൽ അദ്ധ്യാപകരും രക്ഷകർതൃ സമിതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഫയർഫോഴ്‌സ് സ്‌കൂളുകൾ അണുവിമുക്തമാക്കും.

ജില്ലാ പഞ്ചായത്തിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്‌കൂളുകൾക്ക് ആവശ്യമുള്ള സാനിറ്റൈസറുകൾ ജില്ലാ പഞ്ചായത്ത് നൽകും. സ്‌കൂളുകൾക്കുള്ള സാനിറ്റൈസർ ബോട്ടിലുകൾ 25 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറും. രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും സംശയ നിവാരണത്തിനും സഹായത്തിനും അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വാർ റൂം ക്രമീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകളും ഉണ്ട്.

എസ്.എസ്.എൽ.സി

കേന്ദ്രങ്ങൾ 257

കുട്ടികൾ 19,902

ഹയർസെക്കൻഡറി

കേന്ദ്രങ്ങൾ 133

വിദ്യാർത്ഥികൾ 43000

യാത്രാ സഹായ സൗകര്യം ഉൾപ്പെടെ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ ജില്ലാ പഞ്ചായത്ത് മെമ്പർമാരും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും സജീവമായി ഇടപെടണം.

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്