കോട്ടയം: ലോറിയിൽ പുസ്‌തകത്തിന്റെ മറവിൽ കടത്തിക്കൊണ്ടു വന്ന 65 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. മൂലവട്ടം തെക്കേക്കുറ്റിക്കാട്ടിൽ അനന്തു (24), വൈക്കം കല്ലറ പുതിയകല്ലുമടയിൽ അതുൽ (29) എന്നിവരാണ് പിടിയിലായത്. ഏറ്റുമാനൂർ പാറോലിച്ചൽ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് ബംഗളൂരുവിലെ യലഹങ്കയിൽ എത്തിക്കുന്ന കഞ്ചാവ്, ടെക്‌സ്റ്റ് ബുക്കുകളുടെ മറവിൽ കോട്ടയത്ത് എത്തിച്ചു ഗുണ്ടാ സംഘങ്ങൾക്കു വിതരണം ചെയ്യുകയായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.
യലഹങ്കയിലേയ്ക്ക് ഒരുസംഘം കഴിഞ്ഞ ദിവസം ലോറിയിൽ പുറപ്പെട്ടതായി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളായി സ്‌ക്വാഡ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. എൻ.സി.ആർ.ടിയുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പുസ്തകങ്ങൾ എടുക്കാനായാണ് സംഘം ബംഗളൂരുവിലേയ്ക്കു പോയത്.
പുസ്തകങ്ങൾക്കിടയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ടാർപോളിനിൽ പൊതിഞ്ഞായിരുന്നു കഞ്ചാവ് കടത്തിയത്. കഞ്ചാവ് ഏറ്റുമാനൂരിൽ ഗുണ്ടാ സംഘങ്ങൾക്കു കൈമാറിയ ശേഷം എറണാകുളത്ത് എത്തി പുസ്തകം ഇറക്കാനായിരുന്നു പദ്ധതി.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ സി.ആർ മുകേഷ്‌കുമാർ, കെ.വി വിനോദ്, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസിം, സുബിൻ, രാജേഷ്, ജിതേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.