കോട്ടയം: ലോട്ടറിവിൽപ്പന പുനരാരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും ഭാഗ്യം വിൽക്കുന്നവർ നക്ഷത്രമെണ്ണുകയാണ്. പൊതു ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കാത്തതും തൊഴിൽ മേഖല സജീവമാകാത്തതും അവരെ ബാധിച്ചിട്ടുണ്ട്. ജില്ലയിലെ പത്ത് ശതമാനം തൊഴിലാളികൾ പോലും ലോട്ടറി വിൽപ്പന വീണ്ടും തുടങ്ങിയിട്ടില്ല.

പതിവായി ലോട്ടറിയെടുത്തിരുന്നവർ പോലും അകന്നു നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധാരണക്കാർ ലോട്ടറികൂടിയെടുക്കാനുള്ള മാനസികാവസ്ഥയിലല്ല. അന്യസംസ്ഥാനക്കാർ കളംവിട്ടതും തിരിച്ചടിയായി. ലോട്ടറി വിൽപനക്കാർക്ക് മാസ്‌കും സാനിറ്റൈസറും ക്ഷേമ നിധി ഓഫീസ് വഴി സൗജന്യമായി വിതരണം ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടപ്പായിട്ടില്ല.

ചെറുകിട വ്യാപാരികൾക്കും ദുരിതം

മാർച്ച് 24 ന് ആണ് ലോട്ടറി വിൽപന നിറുത്തി വച്ചത്. സാധാരണ ഒരാഴ്ചത്തേക്കുള്ളത് ലോട്ടറി ഓഫീസിൽ നിന്ന് ഏജൻസികൾക്കും വിൽപനക്കാർക്കും മുൻകൂറായി നൽകും. എന്നാൽ നറുക്കെടുപ്പ് മുടങ്ങിയ ടിക്കറ്റുകൾ പൂർണമായും തിരിച്ചെടുക്കണമെന്ന ആവശ്യം സർക്കാർ പൂർണമായി അംഗീകരിച്ചില്ല. ഞായറാഴ്ചത്തെ പൗർണമി, തിങ്കളാഴ്ചത്തെ വിൻവിൻ, ചൊവ്വാഴ്ചത്തെ സ്ത്രീശക്തി തുടങ്ങിയ ടിക്കറ്റുകളിൽ വിറ്റു പോകാത്ത 30% ടിക്കറ്റുകൾ മാത്രേ തിരിച്ചെടുക്കൂ. എന്നാൽ വിറ്റുപോകാത്ത ടിക്കറ്റുകൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പ് നിർദേശിച്ച മാനദണ്ഡം ചില്ലറ വ്യാപാരികൾക്ക് തിരിച്ചടിയാണ്. 25 ലോട്ടറി ഉൾക്കൊള്ളുന്ന ഒരു ബുക്കിൽ നിന്ന് ഒരെണ്ണമെങ്കിലും അടർത്തിയാൽ ബാക്കിയുള്ളവ തിരിച്ചെടുക്കില്ല.

 വിൽപ്പനയ്ക്കെത്തിയത് 500 പേർ

ജില്ലയിലെ പതിനായിരത്തോളം ചില്ലറ വിൽപ്പനക്കാരിൽ 500 പേർമാത്രമാണ് വീണ്ടും മേഖലയിൽ സജീവമായത്. വാഹനമില്ലാത്തതും നിരത്തിൽ ആളുകളില്ലാത്തതും വിൽപ്പനയ്ക്ക് തടസമായി. തിങ്കളാഴ്ച മുതൽ കൂടുതൽ പേർ എത്തിയേക്കും.

ആവശ്യങ്ങൾ

 നറുക്കെടുപ്പ് മാറ്റിവച്ച മുഴുവൻ ടിക്കറ്റുകളും തിരിച്ചെടുക്കണം

 മൂലധനമെന്ന നിലയിൽ 5000 രൂപ തൊഴിലാളികൾക്ക് നൽകണം

 ലോട്ടറി ടിക്കറ്റിന്റെ വില 40ൽ നിന്ന് 30 രൂപയായി കുറയ്ക്കണം

ലോട്ടറി തൊഴിലാളികളെല്ലാം കഷ്ടപ്പാടിലാണ്. നറുക്കെടുപ്പ് വൈകുന്നത് ലോട്ടറി വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. സർക്കാർ കൂടുതൽ ഇളവുകൾ ഈ മേഖലയ്ക്ക് നൽകണം

ഫിലിപ്പ് ജോസഫ്, സംസ്ഥാന പ്രസിഡന്റ്, ആൾ കേരള ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് കോൺഗ്രസ്