കട്ടപ്പന: അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിപ്രകാരം കർഷകർക്ക് സ്ഥലത്തിന്റെ അളവ് അനുസരിച്ച് പണിക്കൂലി നൽകാൻ കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകന് 10 തൊഴിൽദിനം കണക്കാക്കി 290 രൂപ വീതം നൽകും. 20 സെന്റ് മുതൽ ഒരുഹെക്ടർ വരെ കൃഷി ചെയ്യുന്നവർക്ക് ഇതുപ്രകാരം പണിക്കൂലി ലഭിക്കും. പഴം, പച്ചക്കറി ഉൽപാദിപ്പിക്കുന്ന കർഷകർക്ക് ഇൻസെന്റീവ് നൽകും. ഒരുകിലോഗ്രാം പഴംപച്ചക്കറി ഉൽപാദിപ്പിച്ച് വിൽപനയ്ക്ക് എത്തിക്കുന്നവർക്ക് രണ്ടുരൂപ വീതം ലഭിക്കും. ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഇക്കോ ഷോപ്പ് മുഖേനയോ കൃഷിഭവന്റെ ഓപ്പൺ മാർക്കറ്റിലൂടെയോ വിൽക്കണം.
നഗരസഭ പരിധിയിലെ പോത്തിറച്ചി വില പുതുക്കി നിശ്ചയിച്ചു. ഇറച്ചിക്കടകളിൽ 320 രൂപയും കോൾഡ് സ്‌റ്റോറേജുകളിൽ 330 രൂപയുമായിരിക്കും. ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് ഉയർന്ന വിലയ്ക്ക് മാടുകളെ വാങ്ങുന്നതിനാൽ പോത്തിറച്ചി വില കിലോഗ്രാമിന് 50 രൂപ വർധിപ്പിച്ച് 350 രൂപയാക്കണമെന്ന് കച്ചവടക്കാർ അപേക്ഷ നൽകിയിരുന്നു.
സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യമിട്ടുള്ള എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി മുന്നോട്ടുപോകാൻ കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞദിവസം 65 ടൺ മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിരുന്നു. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വീടുകളിൽ നിന്ന് ഓരോ മാസവും നിശ്ചിത ദിവസം പ്ലാസ്റ്റിക് ശേഖരിക്കുന്നതാണ് പദ്ധതി. താലൂക്ക് ആശുപത്രിക്ക് അനുബന്ധമായി റീജനൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ കാൻസർ കെയർ സെന്റർ തുടങ്ങാനായി കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തുമായി ചേർന്ന് നഗരസഭയിലെ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകാനും തീരുമാനമായി. താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ ജൂൺ 15ഓടെ ഉദ്ഘാടനം ചെയ്യും.


മൈതാനം ലേലം ചെയ്തു:
പ്രതിഷേധം

ഗാന്ധി സ്‌ക്വയറിനു സമീപമുള്ള മൈതാനം വാഹന പാർക്കിംഗിനായി ലേലം ചെയ്തതിൽ പ്രതിഷേധവുമായി സാംസ്‌കാരിക സംഘടനകൾ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ സ്ഥലം വാഹന പാർക്കിംഗിനു ലേലം ചെയ്തതായി നഗരസഭാദ്ധ്യക്ഷൻ അറിയിച്ചു. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ വിയോജന കുറിപ്പ് നൽകി. നേരത്തെ സ്ഥലം മാനവീയം വീഥിയാക്കണമെന്നു ആവശ്യപ്പെട്ട് സാംസ്‌കാരിക സംഘടനകൾ സമരം നടത്തിയിരുന്നു. ലോക്ഡൗൺ മറവിൽ സ്ഥലം ലേലം ചെയ്ത നടപടി വെല്ലുവിളിയാണെന്നു പുരോഗമന കല സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, യുവകലാ സാഹിതി ജില്ലാ സെക്രട്ടറി ജിജി .കെ.ഫിലിപ്പ്, കവി കെ.ആർ. രാമചന്ദ്രൻ, കാഞ്ചിയാർ രാജൻ, ദർശന സാംസ്‌കാരിക സംഘടന പ്രസിഡന്റ് ഇ.ജെ. ജോസഫ് എന്നിവർ ആരോപിച്ചു.