കോട്ടയം: ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. അടിമാലി മച്ചിപ്ലാവ് പോസ്റ്റോഫീസ് പടിക്ക് സമീപം തൂമനയിൽ പൈലിയുടെ (81) മൃതദേഹമാണ് അടുക്കിവച്ച വിറകിനിടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുറെനാളായി മാനസിക സംഘർഷത്തിലായിരുന്നു പൈലിയെന്ന് പറയപ്പെടുന്നു.
സമീപത്ത് താമസിക്കുന്ന മകളുടെ വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ചശേഷം മടങ്ങവേയാണ് സംഭവം. അടുക്കിവച്ചിരുന്ന വിറകിന് തീപിടിച്ച് പുക ഉയരുന്നതു കണ്ട് മകൾ നോക്കിയപ്പോഴാണ് പൈലി പൊള്ളലേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അടിമാലി പൊലീസ് സ്ഥലത്തെത്തിയശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. തലക്കോട് കെടിച്ചാലിൽ മറിയം ആണ് ഭാര്യ. മക്കൾ: മേരി, ചിന്നമ്മ, സൂസൻ, എൽദോസ്. മരുമക്കൾ: എൽദോസ്, മേരി, ജോർജ്, പരേതനായ വർഗീസ്.