vat

കോട്ടയം: പശുത്തൊഴുത്ത് വാറ്റ് കേന്ദ്രമാക്കി. യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് പാത്താമുട്ടം വിഷ്‌ണുനിവാസിൽ വിനുരാജ് ആണ് (34) അറസ്റ്റിലായത്. കൊറോണയെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ പൂട്ടിയതോടെയാണ് വ്യാവസായികാടിസ്ഥാനത്തിൽ ഇയാൾ വാറ്റ് ആരംഭിച്ചത്.‌

കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ വി.പി അനുപും സംഘവും ചേർന്നാണ് റെയ്ഡ് നടത്തിയത്. 70 ലിറ്റർ കോട തൊഴുത്തിൽ നിന്നും കണ്ടെടുത്ത് നശിപ്പിച്ചു. എന്നാൽ ചാരായം കണ്ടെത്താൻ കഴിഞ്ഞില്ല.

വീടിനുചുറ്റും താമസക്കാർ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വിനുരാജിന് പ്രശ്നമായിരുന്നില്ല. ചാരായം വാങ്ങാൻ ആളുകൾ കാറുകളിലും ബൈക്കുകളിലും എത്തിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് അവർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ തിരിഞ്ഞതോടെ ഇതുസംബന്ധിച്ച് ഇയാൾ നാട്ടുകാരോട് ഏറ്റുമുട്ടിയിരുന്നു.

ബിനുരാജ് നിർമ്മിച്ചിരുന്ന ചാരായം സുഹൃത്തുക്കളായ രണ്ടു പേരാണ് ആവശ്യക്കാരിൽ എത്തിച്ചിരുന്നത്. ഇവർക്കായി എക്സൈസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വീട്ടിലെത്തിയിരുന്നവർക്ക് ബിനുരാജ് തന്നെയാണ് ചാരായം ഊറ്റിക്കൊടുത്തിരുന്നത്.