കോട്ടയം: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കോട്ടയം സ്വദേശി തട്ടിയെടുത്തത് അര കോടിയോളം രൂപ. കോട്ടയം വാഴൂർ സ്വദേശി മണ്ണ്പുരയിടത്ത് അരുൺ മലപ്പുറം താനൂരിൽ നിന്നും മാത്രം 11 പേരിൽ നിന്നായി 14,40,000 രൂപ തട്ടിച്ചെടുത്തു. സമാനക്കേസിൽ കൊടുവള്ളി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ. ഉടൻതന്നെ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ താനൂർ പൊലീസ് കോടതിയിൽ അപേക്ഷ നല്കിയിട്ടുണ്ട്.
ഡി.ആർ.ഡി.ഒയിലെ ഉന്നത ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നത്. കൂടാതെ ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഏജന്റുമാരെയും നിയോഗിച്ചിരുന്നു. ഇവരെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംശയം തോന്നാതിരിക്കാൻ ബാങ്ക് അക്കൗണ്ടുവഴിയാണ് ഇയാൾ പണം സ്വീകരിച്ചിരുന്നത്. പരിയാപുരം സ്വദേശി കൊണ്ടത്തവീട്ടിൽ ഗോവിന്ദന്റെ മകൻ ശശി നല്കിയ പരാതിയെതുടർന്നാണ് താനൂർ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.