pic

കോട്ടയം: സ്കൂൾ പുസ്തകങ്ങൾക്കിടയിൽ 65 കിലോ കഞ്ചാവ് ഒളിപ്പിച്ചുകടത്തിയ കേസിൽ പ്രതികൾ റിമാൻഡിൽ. കഞ്ചാവ് എത്തിച്ചത് ആന്ധ്രയിൽ നിന്നാണെന്ന് അറിവായി. ഏറ്റുമാനൂരിലുള്ള ഒരു വൻകിട കഞ്ചാവ് ലോബിക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. ലോബിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. ലോറി ഡ്രൈവർ കല്ലറ പുതിയകല്ലുമടയിൽ അതുൽ (29), ലോറി ഉടമ മുലവട്ടം തെക്കേക്കുറ്റിക്കാട്ടിൽ അനന്തു ( 25) എന്നിവരെയാണ് കോടതി റിമാൻ‌ഡ് ചെയ്തത്. എം.സി.റോഡിൽ ഏറ്റുമാനൂർ പാറോലിക്കൽ വളവിൽ കഞ്ചാവ് കൈമാറാനായി പാർക്കുചെയ്യുമ്പോഴാണ് ഏറ്റുമാനൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ‌് പിടികൂടിയത്.

ആന്ധ്രയിൽ നിന്ന് വാഴക്കുല കയറ്റിയ ലോറിയിലാണ് കഞ്ചാവ് ബംഗളൂരുവിൽ എത്തിച്ചത്. അവിടെനിന്നാണ് അനന്തുവിന്റെ ലോറിയിലേക്ക് കഞ്ചാവ് മാറ്റിയത്. പുസ്തകങ്ങൾക്ക് അടിയിലാണ് 32 പായ്ക്കറ്റുകളിലായി കഞ്ചാവ് നിരത്തിവച്ചത്. കൊച്ചി ഇടപ്പള്ളിയിലേക്കാണ് ലോഡ് എന്നായിരുന്നു ഡ്രൈവറോട് പറഞ്ഞിരുന്നത്. എന്നാൽ ലോറി അങ്കമാലിയിൽ എത്തിയപ്പോഴാണ് ഏറ്റുമാനൂരിലേക്ക് പോവാൻ മൊബൈലിൽ ഡ്രൈവർക്ക് നിർദ്ദേശം വന്നത്. കഞ്ചാവ് കടത്തൽ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. ഡ്രൈവർക്ക് പ്രതിഫലമായി 50,000 രൂപയാണ് ഓഫർചെയ്തിരുന്നതെന്നും അറിവായി.