വിദേശ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ വക ആപ്പ് കുടിയന്മാർക്കുള്ള 'ആപ്പായി' എങ്ങുമെത്താതെ നിൽക്കുന്നതിനിടയിൽ വ്യാജ വാറ്റ് വ്യാപകമായി. ഇനി ആപ്പും കോപ്പുമില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് പറയുകയാണ് വ്യാജവാറ്റിൽ മുങ്ങി നിൽക്കുന്ന ചുറ്റുവട്ടത്തുള്ളവർ.

തലങ്ങും വിലങ്ങും റെയ്ഡ് നടത്തി അവിടെയുമിവിടെയും പൊട്ടു പൊടിയുമായി വ്യാജ വാറ്റ് കണ്ടെത്തി ചിലരെ പിടിക്കുന്നതായ വാർത്ത മുറയ്ക്ക് വരുന്നുണ്ടെങ്കിലും വാറ്റിന് ഒരു കുറവുമില്ലെന്നാണ് എക്സൈസ്, പൊലീസ് ഏമാന്മാർ സമ്മതിക്കുന്നത് . വ്യാജവാറ്റ് പിടിച്ചാൽ ജാമ്യമില്ലാത്ത കുറ്റമാണ് . കേസുകളുടെ എണ്ണം ഇരട്ടിയിലേറെയായിട്ടുണ്ട്. പക്ഷേ കൊവിഡ് വന്നതിനാൽ കേസ് പിടിത്തം തന്നെ തലവേദനയാണ് .കൊവിഡ് പരിശോധന നടത്തിവേണം വാറ്റ് പ്രതിയെ ജയിലിലേയ്ക്ക് വിടാൻ. റിമാൻഡ് പ്രതിയായി ജില്ലാ ജയിലിൽ പാർപ്പിക്കാനും കൊവിഡ് കാല നിയന്ത്രണം വന്നതോടെ കേസെടുത്ത് അകത്താക്കാനും സാങ്കേതിക ബുദ്ധിമുട്ടായി. കൊവിഡിന്റെ പേരിൽ കൈമടക്കും കണ്ണടയ്ക്കലുമായി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമവും വ്യാജവാറ്റിനൊപ്പം വ്യാപകമായെന്നാണ് പരാതി. ഇതുവരെ 150ൽ താഴെ കേസും നൂറോളം ലിറ്റർ ചാരായവുമേ പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇതിലേറെയും സാധനം കിട്ടാതെ വന്നവർ ഒറ്റിയ കേസുകളുമാണ് .

കൈതച്ചക്കയോ പഴങ്ങളോ ഉപയോഗിച്ച് വൈൻ ഉണ്ടാക്കുന്നതും എക്സൈസിന്റെ കണ്ണിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് . പഴം മാത്രമുപയോഗിച്ച് വീട്ടിൽ കുക്കറിൽ ആരോഗ്യ പ്രദമായ വൈൻ ഉണ്ടാക്കുന്നതിൽ എന്തു തെറ്റാണുള്ളതെന്ന് നാട്ടുകാരുടെ ചോദ്യത്തിന് മറുപടിയില്ല . പൈനാപ്പിളും ശർക്കരയും നന്നായി വിറ്റുപോകുന്നുണ്ട്. അഞ്ചു കിലോയിൽ കൂടുതൽ ശർക്കര വാങ്ങുന്നവരുടെ പേരു വിവരം നൽകണമെന്ന് എക്സൈസ് നിർദ്ദേശിച്ചിരുന്നു. ഏതെങ്കിലും കടക്കാർ വിവരം നൽകിയതായി അറിവില്ല. സ്വർണം വാങ്ങിയാൽ ബില്ല് വാങ്ങാത്തവരും കൊടുക്കാത്തവരുമുള്ല കേരളത്തിൽ ശർക്കര വാങ്ങുന്നവർക്ക് ഏതു കടക്കാരനാണ് പേരും മൊബൈൽ നമ്പരും വെച്ച് ബില്ല് കൊടുക്കുന്നത്. കൂടുതൽ ശർക്കര വാങ്ങിയതിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊവിഡ് കാരണം കൈതച്ചക്കയ്ക്ക് വിപണി ഇല്ലാതെ കർഷകർ ബുദ്ധിമുട്ടുകയായിരുന്നു. വാറ്റ് വ്യാപകമായതോടെ ഡിമാൻഡേറി വിൽപ്പന കൂടി കൈതച്ചക്കകൃഷിക്കാർ രക്ഷപ്പെട്ടെന്നു പറയാം .

കേരളത്തിലുടനീളം വാറ്റു നടക്കുകയാണ് .കുടിന്മാർ ഏറെയുള്ള കോട്ടയത്തും ഒരു കുറവുമില്ല . വിദേശ മദ്യം വാങ്ങണമെങ്കിൽ വെർച്വൽ ക്യൂവും ആപ്പുമൊക്കെ വേണം. വീട്ടിൽ വാറ്റ് വ്യാപകമായതോടെ ലോക്ക് ഡൗണിൽ

സ്വയമ്പൻ സാധനംഉണ്ടാക്കാൻ പലരും പഠിച്ചു . ബിവറേജസും ബാറും തുറന്നാലും കിട്ടുന്നതിലും നല്ല സാധനം വീട്ടിൽ ഉണ്ടാക്കുന്നതിനാൽ വിദേശ മദ്യവിൽപ്പന കൂടില്ലെന്ന് റെയ്ഡ് നടത്തുന്ന എക്സൈസ് ഉദ്യോഗസ്ഥന്മാരും പറയുന്നു. എങ്ങനെ നല്ല സാധനം വാറ്റാമെന്ന വിശദവിവരം യൂ ട്യൂബിൽ നിന്ന് ലഭിക്കും. കുക്കറുള്ളതിനാൽ കാര്യങ്ങൾ എളുപ്പവുമായി.

കോട്ടയത്തെ ഒരു ഫ്ലാറ്റിലാണ് എസ്.ഐ താമസിക്കുന്നത്. ആ ഫ്ലാറ്റിൽ വ്യാപകമായി വാറ്റ് നടക്കുന്നുമുണ്ട്. അതേക്കുറിച്ച് അറിയാവുന്ന എസ്.ഐ റെയ്ഡിനൊന്നും പോകാതെ അവർക്കൊപ്പം കൂടി ചിയേഴ്സ് വിളിച്ചു.എങ്ങനെ ഇത്തരം മുന്തിയ ഫ്ലാറ്റിൽ റെയ്ഡ് നടത്തുമെന്നായിരുന്നു ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ ചോദ്യം?