കോട്ടയം: ജില്ലയിലേയ്‌ക്കെത്തുന്ന കഞ്ചാവിൽ ഭൂരിഭാഗവും ആന്ധ്രയിൽ കൃഷി ചെയ്യുന്നത് മലയാളി യുവാക്കൾ....! ഏറ്റുമാനൂരിൽ പിടികൂടിയ 65 കിലോ കഞ്ചാവിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രയിൽ കഞ്ചാവ് കൃഷി ചെയ്യുന്ന യുവാക്കളെപ്പറ്റി വിവരം ലഭിച്ചത്. നേരത്തെ ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വില കൊടുത്തു കഞ്ചാവ് വാങ്ങിയിരുന്ന യുവാക്കൾ ഇപ്പോൾ അവിടെ തമ്പടിച്ച് കഞ്ചാവ് കൃഷി ചെയ്യുകയാണ് .
പിന്നിൽ കോട്ടയം, ഇടുക്കിക്കാർ
കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ക്രിമിനൽ പശ്‌ചാത്തലമുള്ള യുവാക്കളാണ് ആന്ധ്രയിലെത്തി കഞ്ചാവ് കൃഷി ചെയ്യുന്നത്. മുൻ വർഷങ്ങളിൽ പാടങ്ങൾ പാട്ടത്തിനെടുത്തായിരുന്നു കൃഷിയിറക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ഈ രീതിയ്‌ക്കു മാറ്റം വരുത്തിയിട്ടുണ്ട്. ആന്ധ്രയിലെയും തെലങ്കാനയിലെയും വിളവെടുക്കാറായ കഞ്ചാവ് തോട്ടങ്ങൾ വിലയ്‌ക്കു വാങ്ങുന്നതാണ് പുതിയ രീതി. വിളവെടുക്കുന്നതിനു രണ്ടോ മൂന്നോ മാസം മുൻപ് പ്രദേശത്തെ കർഷകരിൽ നിന്നും തോട്ടം പൂർണമായും വാങ്ങും. ഇത്തരത്തിൽ വാങ്ങുമ്പോൾ ആയിരം രൂപയിൽ താഴെ മാത്രമാണ് ഒരു കിലോ കഞ്ചാവിന് ചിലവാകുക. ഇത്തരത്തിൽ ലഭിക്കുന്ന കഞ്ചാവ് കിലോയ്‌ക്കു 5000 മുതൽ 10000 രൂപയ്‌ക്കു വരെയാണ് കേരളത്തിലേയ്‌ക്കു കയറ്റി വിടുന്നത്.
അതിർത്തി കടത്താൻ ലോറികൾ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലോറികളുടെ രഹസ്യ അറയിൽ കയറ്റിയാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോ വീതമുള്ള പാഴ്‌സലായി എത്തിച്ചിരുന്നത് ഇപ്പോൾ നൂറു കിലോവരെ ഒന്നിച്ച് എത്തിക്കുന്ന രീതിയിലേയ്ക്ക് മാറിയിരിക്കുന്നു. ഈ കഞ്ചാവ് മദ്ധ്യകേരളത്തിലെ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് കൈമാറ്റം ചെയ്യുന്നത്. ഇതിന് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണവുമുണ്ട്.
ലക്ഷങ്ങളുടെ കച്ചവടം
ഒരാഴ്‌ചയിൽ ജില്ലയിൽ എത്തുന്നത് 200 കിലോ കഞ്ചാവാണ്. മുഴുവൻ ആന്ധ്രയിൽ നിന്നാണ്. ലക്ഷങ്ങളാണ് ജില്ലയിൽ കഞ്ചാവ് മാഫിയ വഴി ഒഴുകുന്നത്. ലോക്ക് ഡൗൺ കാലത്ത് പോലും കഞ്ചാവിന്റെ ഒഴുക്കിന് നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എക്സൈസും പൊലീസും വീട്ടിൽവാറ്റ് സംഘങ്ങളെ തേടി നടന്ന് ടാർജറ്റ് തികയ്ക്കുമ്പോൾ ഇത്തരക്കാർ അരങ്ങുവാഴുകയാണ്.
ആഴ്ചയിൽ
എത്തുന്നത്
200 കിലോ